ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളാണ് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും. മന്ദാന ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ട്വന്റി 20 ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറാകട്ടെ തന്റെ ബാറ്റിങ് ശൈലി കാരണം ഭയമില്ലാത്ത താരമെന്ന് പേരെടുത്തയാളുമാണ്. എന്നാല്‍ പറയുന്നത്ര ധൈര്യമൊന്നും ഹര്‍മന്‍പ്രീതിനില്ലെന്നാണ് മന്ദാനയുടെ വെളിപ്പെടുത്തല്‍.

ഓണ്‍ലൈന്‍ ചാറ്റ് ഷോയായ 'വാട്ട് ദി ഡക്കി'ല്‍ പങ്കെടുക്കവെ ടീമിനെ സംബന്ധിക്കുന്ന രസകരമായ കാര്യങ്ങള്‍ ഇരുവരും പങ്കുവെച്ചു.

ഹര്‍മന്‍പ്രീതിനോട് എന്തിനെയെങ്കിലും ഭയമുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചയുടന്‍ മന്ദാന ചാടിവീഴുകയായിരുന്നു. ഹര്‍മന്‍പ്രീതിന് പ്രേതങ്ങളെ വലിയ പേടിയാണെന്നാണ് മന്ദാന പറയുന്നത്. ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുന്നതിനിടെയുണ്ടായ സംഭവങ്ങള്‍ മന്ദാന വിവരിച്ചു. 

''ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുന്ന സമയം. ഹര്‍മന്‍പ്രീതിന് പ്രേതങ്ങളെ ഭയങ്കര പേടിയാണ്. എനിക്കും പേടിയൊക്കെയുണ്ട്, എങ്കിലും ഹര്‍മന്‍പ്രീതിന്റേത് ഒരു പരിധിയുമില്ലാത്ത പേടിയാണ്. അതുകൊണ്ടു തന്നെ ഞാന്‍ ഇടയ്ക്കിടെ അവരെ പേടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ദിവസം ഞങ്ങള്‍ തങ്ങിയിരുന്ന ഹോട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രേതകഥകളും ഞാന്‍ അവളോട് പറഞ്ഞു. ടീം അംഗങ്ങളില്‍ നിന്ന് അന്ന് ഞാന്‍ ധാരാളം പ്രേതകഥകള്‍ കേട്ടിരുന്നു. അതെല്ലാം തന്നെ ഞാന്‍ പറഞ്ഞു. അന്ന് പരിക്കേറ്റ് ചികിത്സയിലായതിനാല്‍ എന്നെ കേള്‍ക്കുകയല്ലാതെ അവള്‍ക്ക് മറ്റ് മാര്‍ഗമൊന്നും ഇല്ലായിരുന്നു. ഒടുവില്‍ അതെല്ലാം എനിക്കുതന്നെ പണിയായി. പേടികാരണം രാത്രി മുറിയില്‍ ഒന്നിച്ച് കിടക്കാന്‍ ഹര്‍മന്‍പ്രീത് നിര്‍ബന്ധിച്ചു'' - മന്ദാന പറഞ്ഞു. 

''അന്ന് എല്ലാവര്‍ക്കും സിംഗിള്‍ റൂം ആയിരുന്നു. എന്നാല്‍ ഭയാനകമായ അന്തരീക്ഷമായിരുന്നു അവിടെ. ഞങ്ങള്‍ മൂന്നുപേര്‍ ഒരു മുറിയിലാണ് കിടന്നിരുന്നത്. പക്ഷേ ഞാന്‍ കൂടെയുള്ളവരെയാരെയും ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. കാരണം എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല'' - ഹര്‍മന്‍പ്രീത് പറഞ്ഞു.

എന്നാല്‍ തങ്ങൾക്ക് നേരിട്ട് അത്തരം അനുഭവങ്ങളുണ്ടായിട്ടില്ലെന്നും ഇരുവരും പറഞ്ഞു. എന്നാല്‍ 2-3 ടീം അംഗങ്ങള്‍ പ്രേതാനുഭവം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. പ്രേതം ഒരു മണിക്കൂറോളം തന്നെ തടവിലാക്കിയെന്നാണ് സഹതാരമായ സുഷമ വര്‍മ പറഞ്ഞത്. ഒരു മണിക്കൂറോളം സുഷമ കരയുകയും ചെയ്തുവെന്നും മന്ദാന പറഞ്ഞു. 

Content Highlights: Sushma was so scared, harmanpreet Kaur and Mandhana on World Cup ghost