മുംബൈ: ഐ.പി.എല്‍ പോരാട്ടങ്ങളില്‍ ദേശീയ ടീമിലെ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്. ആ പോരാട്ടങ്ങള്‍ ഒന്നും തന്നെ കളത്തിനു പുറത്തേക്കോ ദേശീയ ടീമിലെ അന്തരീക്ഷത്തെയോ ബാധിക്കാറില്ല. എന്നാല്‍ ഇതിന് വിപരീതമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമുയര്‍ത്തുന്നത്.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ കളിയാക്കിക്കൊണ്ടും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഹീറോ പരിവേഷം നല്‍കിക്കൊണ്ടുമുള്ള ഒരു ട്രോളിന് ലൈക്കടിച്ച മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ നടപപടിയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. 

മുംബൈ ടീം അഞ്ചാം ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ അതില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചിരുന്നില്ല. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ കോലിയും സൂര്യകുമാര്‍ യാദവും മുഖാമുഖം വന്ന സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

Suryakumar Yadav liked a controversial tweet trolling Virat Kohli unlikes it later

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടായിരിക്കുന്നത്. താരം ട്രോളിന് ലൈക്കടിച്ചതു കണ്ട ആരാധകര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ ലൈക്ക് പിന്‍വലിച്ച് താരം തടിയൂരുകയായിരുന്നു.

താരത്തിന്റെ പ്രവൃത്തിക്കെതിരേ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Suryakumar Yadav liked a controversial tweet trolling Virat Kohli unlikes it later