ബെംഗളൂരു: ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് നിരവധി ആരാധകരുണ്ട്. കളി മികവും മാന്യമായ പെരുമാറ്റവുമാണ് ഛേത്രിയോടുള്ള ഈ ആരാധനക്ക് പിന്നിൽ.അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിനും ജെഴ്സിക്കും വേണ്ടി ആരാധകർ പലപ്പോഴും തിരക്ക് കൂട്ടാറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകൻ.

ഛേത്രിയുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡും യൂസർ നെയിമുമാണ് ഈ ആരാധകന് വേണ്ടത്. ഇതു ചോദിച്ച് ആരാധകൻ ഛേത്രിക്ക് മെസ്സേജ് അയക്കുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്ത് ഛേത്രി രസകരമായ മറുപടിയും നൽകി.

'സഹോദരാ..ഛേത്രീ...നിങ്ങളുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്‌വേഡും എനിക്കു തരുമോ? ലോക്ഡൗൺ കഴിഞ്ഞാൽ  പാസ്‌വേഡ് മാറ്റിക്കോളൂ..' ഇതാണ് ആരാധകൻ അയച്ച സന്ദേശം. ലോക്ക്ഡൗൺ കാരണം വലഞ്ഞ ഏതോ ഒരു ആരാധകനാണ് ഈ സാഹസത്തിന് മുതിർന്നത്.

'ജെഴ്സി വേണ്ട, ഓട്ടോഗ്രാഫ് വേണ്ട, പോസ്റ്റിന് റീപ്ലേ വേണ്ട, അയൽക്കാരന്റെ വളർത്തുനായക്ക് ആശംസ നേർന്നുള്ള വീഡിയോയും വേണ്ട. ഇതാ ഇവിടെയൊരാൾ, അദ്ദേഹത്തിന്റെ ആവശ്യം സത്യസന്ധമായി പറഞ്ഞിരിക്കുന്നു. ശരിക്കും ഈ ആവശ്യം പരിഗണിക്കണമെന്ന് എനിക്ക ആഗ്രഹമുണ്ട്'. ആരാധകന്റെ മെസ്സേജ് പങ്കുവെച്ച് ഛേത്രി ട്വീറ്റ് ചെയ്തു. ചിരി പടർത്തുന്ന ഈ ട്വീറ്റിന് നിരവധി ആളുകളാണ് പ്രതികരണവുമായെത്തിയത്.

നെറ്റ്ഫിള്ക്സ ഇന്ത്യയും ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാളുമെല്ലാം ഛേത്രിയുടെ ഈ ട്വീറ്റ് ആസ്വദിച്ചവരുടെ കൂട്ടത്തിലുണ്ട്.

Content HIghlights: Sunil Chhetri Shares Bizarre Fan Request During Lock down