കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാഹിതനാകുന്നു. മുന്‍ ഇന്ത്യന്‍ താരവും മോഹന്‍ ബഗാന്റെ ഇതിഹാസ താരവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് ഛേത്രിയുടെ വധുവാകുന്നത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഡിസംബര്‍ നാലിന്‌ കൊല്‍ക്കത്തയില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍.

ഐ.എസ്.എല്‍ മത്സരങ്ങളുടെ തിരക്കിനിടയിലാണ് ബെംഗളൂരു എഫ്.സി താരമായ ഛേത്രിയുടെ വിവാഹം. എഫ്.സി ഗോവയുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബെംഗളൂരു എഫ്.സിയുടെ എവേ മത്സരത്തിനിടയിലെ ഒഴിവു ദിവസമാണ് ഛേത്രി വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഡിസംബര്‍ 24ന് ബെംഗളൂരുവില്‍ വെച്ച് വിവാഹ സല്‍ക്കാരവും നടക്കും. 

സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റ് പഠിച്ച സോനം കൊല്‍ക്കത്തയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയാണ്. അണ്ടര്‍-17 ലോകകപ്പ് ഫൈനല്‍ കാണാന്‍ സോനവും ഛേത്രിയും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ചര്‍ച്ചയായത്.