മെല്‍ബണ്‍: സാങ്കേതിക വിദ്യ ശക്തിയാര്‍ജിക്കുന്ന കാലമാണിത്. ക്രിക്കറ്റില്‍ തന്നെ ഓരോ തീരുമാനങ്ങള്‍ക്കു പിന്നിലും സാങ്കേതിക വിദ്യയുടെ സഹായം വേണ്ടുവോളമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ കാരണം ഉറപ്പായ ഒരു വിക്കറ്റ് നഷ്ടപ്പെട്ടാലോ.

ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും ഓസീസ് വനിതാ ടീമും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഇത്തരത്തില്‍ ഉറപ്പായ റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച നടന്ന മത്സരത്തിനിടെ മിഡ് ഓഫിലേക്ക് പന്തടിച്ച് ഒരു സിംഗിളിന് ശ്രമിച്ചതായിരുന്നു ലാന്നിങ്. എന്നാല്‍ പെട്ടന്നുതന്നെ പന്ത് പിടിച്ചെടുത്ത ഇന്ത്യയുടെ ശിഖ പാണ്ഡെ അത് വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് വന്നത് വിക്കറ്റിലേക്കു തന്നെ. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വിക്കറ്റുകള്‍ക്ക് പിന്നിലെ സ്റ്റമ്പ് മൈക്രോഫോണിന്റെ കവറിലിടിച്ച പന്ത് വിക്കറ്റില്‍ കൊള്ളാതെ പുറത്തേക്ക് പോയി.

റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെട്ടെന്നു മാത്രമല്ല, ഓവര്‍ ത്രോയിലൂടെ ലാന്നിങ് ഒരു റണ്‍കൂടി ഓടിയെടുത്തു. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. മത്സരം 11 റണ്‍സിന് ജയിച്ച ഓസീസ് ടൂര്‍ണമെന്റിന്റെ ജേതാക്കളായി.

Content Highlights: Stump mic blocks a run out as Meg Lanning survives