മാഞ്ചെസ്റ്റര്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരത്തോട് മോശം ഭാഷ പ്രയോഗിച്ചതിന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴശിക്ഷ. മാഞ്ചെസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷം മോശം ഭാഷ പ്രയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. 

മാച്ച് ഫീയുടെ 15 ശതമാനമാണ് ബ്രോഡിന് പിഴയിട്ടിരിക്കുന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴയിട്ടത് ആരാണെന്നതാണ് രസകരമായ കാര്യം. ബ്രോഡിന്റെ അച്ഛനും ഐ.സി.സി മാച്ച് റഫറിയുമായ ക്രിസ് ബ്രോഡാണ് താരത്തിനെതിരേ നടപടിയെടുത്തത്. മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത് ക്രിസ് ബ്രോഡ് തന്നെ. ഈ നിര്‍ദേശം ഐ.സി.സി അതേപടി നടപ്പാക്കുകയും ചെയ്തു.

ഫീല്‍ഡ് അമ്പയര്‍മാരായ റിച്ചെഡ് കെറ്റില്‍ബറോയും റിച്ചെഡ് ഇല്ലിങ്‌വര്‍ത്തുമാണു സംഭവം ക്രിസ് ബ്രോഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘനമാണ് ബ്രോഡ് നടത്തിയിരിക്കുന്നത്. താരത്തിന് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 24 മാസത്തിനിടെ ബ്രോഡിന് ലഭിക്കുന്ന മൂന്നാമത്തെ ഡീമെറിറ്റ് പോയന്റാണിത്.

രണ്ടാം ഇന്നിങ്‌സിലെ 46-ാം ഓവറിലായിരുന്നു ബ്രോഡിനെതിരേ നടപടിയെടുക്കാന്‍ കാരണമായ സംഭവം. തകര്‍ത്തടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച യാസിര്‍ ഷാ 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സുമടക്കം 33 റണ്‍സെടുത്തു നില്‍ക്കെയാണ് ബ്രോഡ് താരത്തെ പുറത്താക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു ബ്രോഡിന്റെ പ്രതികരണം.

നേരത്തെ ഈ വര്‍ഷം ജനുവരി 27-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലും 2018 ഓഗസ്റ്റ് 19-ന് ഇന്ത്യക്കെതിരായ ടെസ്റ്റിനിടയിലും മോശം പെരുമാറ്റത്തിന് ബ്രോഡിന് ഡീമെറിറ്റ് പോയന്റ് ലഭിച്ചിരുന്നു. ഇനി അടുത്ത് തന്നെ മറ്റൊരു നടപടി കൂടി നേരിടേണ്ടതായി വന്നാല്‍ ബ്രോഡിന് മത്സര വിലക്ക് ലഭിച്ചേക്കും.

Content Highlights: Stuart Broad fined for using inappropriate language by his father Chris Broad