കാന്‍ബറ: ഒന്നരപ്പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനങ്ങളെ തന്റെ മാന്ത്രിക വിരലുകളാല്‍ ത്രസിപ്പിച്ച താരമാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള താരം.

കളിക്കളത്തിലെ 15 വര്‍ഷക്കാലം നേട്ടങ്ങള്‍ക്കൊപ്പം വിവാദവും നിറഞ്ഞുനിന്ന കരിയറായിരുന്നു വോണിന്റേത്. ഓസീസ് താരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വോണ്‍, പക്ഷേ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുമായി അത്ര രസത്തിലായിരുന്നില്ല.

1999-ല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വോ മാറ്റിനിര്‍ത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കരിയറില്‍ ഈ ഒരു തവണ മാത്രമാണ് വോണ്‍ ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നത്. വോണിന് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ തന്നെ രംഗത്തെത്തിയിരുന്നെങ്കിലും വോ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഒപ്പം കളിച്ചവരില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്നാണ് വോണ്‍, സ്റ്റീവ് വോയെ വിശേഷിപ്പിക്കുന്നത്. വോ ഉള്‍പ്പെട്ട 104 റണ്ണൗട്ടുകളുടെ ഒരു വീഡിയോക്ക് പ്രതികരണമറിയിക്കവെയാണ് വോണ്‍ തന്റെ ആത്മകഥയിലെ വിശേഷണം വീണ്ടും ആവര്‍ത്തിച്ചത്.

2018-ല്‍ പുറത്തിറങ്ങിയ 'നോ സ്പിന്‍' എന്ന തന്റെ ആത്മകഥയില്‍ സ്റ്റീവ് വോയ്‌ക്കെതിരേ കടുത്ത ഭാഷയായിരുന്നു വോണ്‍ പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയില്‍ 104 റണ്ണൗട്ടുകളില്‍ 67 തവണയും പുറത്തായിരിക്കുന്നത് വോയുടെ പങ്കാളികളാണ്. ''ഞാന്‍ വീണ്ടും പറയുന്നു, വോയെ ഞാന്‍ വെറുക്കുന്നില്ല. അടുത്തിടെ ഞാന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ വോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഞാന്‍ ഒപ്പം കളിച്ചവരില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്നാണ് വോ'', വോണ്‍ പ്രതികരിച്ചു.

Content Highlights: Steve Waugh the most selfish cricketer I played with says Shane Warne