ലണ്ടൻ: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൂന്നാം ട്വന്റി-20യിൽ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് വിവാദത്തിൽ. ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന മോയിൻ അലിയെ പുറത്താക്കാൻ ബൗണ്ടറി ലൈനിന് അരികിൽ നിന്നാണ് സ്മിത്ത് ക്യാച്ചെടുത്തത്. സ്മിത്തിന്റെ ഷൂ ബൗണ്ടറി ലൈനിൽ തൊട്ടുവെന്ന് കാണിക്കുന്ന ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം.

മത്സരത്തിൽ മിഡ്വിക്കറ്റ് ഏരിയയിലേക്ക് കൂറ്റൻ സിക്സ് പറത്തിയതായിരുന്നു മോയിൻ അലി. പന്ത് സിക്സറിലേക്കാണെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. എന്നാൽ ബൗണ്ടറിയുടെ അരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്മിത്തിന്റെ കൈകളിലേക്കാണ് പന്ത് പറന്നിറങ്ങിയത്. സ്മിത്ത് പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും കാൽ ബൗണ്ടറി ലൈനിന് അരികിലേക്ക് എത്തിയതിനാൽ പന്ത് മുകളിലേക്ക് എറിയുകയായിരുന്നു. ബൗണ്ടറിക്ക് പുറത്തു ചവിട്ടിയ സ്മിത്ത് ഗ്രൗണ്ടിനുള്ളിലെത്തി വീണ്ടും പന്ത് കൈവശപ്പെടുത്തി.

ക്യാച്ച് മുഴുവനാക്കിയശേഷം അത് ഔട്ടാണെന്ന രീതിയിൽ സ്മിത്ത് വിരലുയർത്തി. ഗ്രൗണ്ട് അമ്പയർ മൂന്നാം അമ്പയറുടെ തീരുമാനത്തിനായി കാത്തു. ഔട്ടാണെന്ന് ആയിരുന്നു മൂന്നാം അമ്പയറുടെ വിധി.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് സ്മിത്ത് ബൗണ്ടറി ലൈനിൽ ചവിട്ടുന്ന രീതിയിലുള്ള ചിത്രമാണ്. മുൻതാരവും കമന്റേറ്ററുമായ മൈക്കിൾ അതേർട്ടൺ പറയുന്നത് സ്മിത്തിന്റെ ഷൂസിന്റെ നിഴലാണ് ബൗണ്ടറി ലൈനിൽ ചവിട്ടുന്നതായി തോന്നുന്നത് എന്നാണ്. ഏതായാലും ചിലർ ഇത് ക്യാച്ചാണെന്ന് വാദിക്കുമ്പോൾ മറ്റുചിലർ സിക്സ് ആണെന്നും വാദിക്കുന്നു.

 

 

Content Highlights: Steve Smiths catch to dismiss Moeen Ali