ബ്രിസ്‌ബെയ്ന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വ നേട്ടത്തിന് ഉടമയായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. 

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 7500 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ നാലാം ദിനം സ്മിത്ത് സ്വന്തം പേരിലാക്കിയത്. 

139 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 7500 റണ്‍സ് തികച്ചത്. 144 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയാണ് സ്മിത്ത് മറികടന്നത്. ബ്രിസ്‌ബെയ്‌നില്‍ രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 

147 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. രാഹുല്‍ ദ്രാവിഡ് 148 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടൊപ്പം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറെ മറികടന്ന് സ്മിത്ത് എട്ടാം സ്ഥാനത്തേക്ക് കയറി.

Content Highlights: Steve Smith surpasses Sachin Tendulkar Virender Sehwag for another record