മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഒരു കിടക്ക കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറും നിക്ഷേപകനുമാണ് സ്റ്റീവ് സ്മിത്ത്. പക്ഷേ, അദ്ദേഹത്തിനിപ്പോള്‍ ഒരു കിടക്കയില്‍ കിടന്നാലും ഉറക്കമില്ല. പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷമാണ് ഈ സ്ഥിതി. 

ഈ ടെസ്റ്റില്‍ ഓസ്ട്രേലിയ ഇന്നിങ്സ് ജയം നേടിയെങ്കിലും സ്മിത്ത് നാല് റണ്‍സിന് പുറത്തായിരുന്നു. വീഴ്ത്തിയത് പാക് ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ഏഴാം തവണയാണ് സ്മിത്തിനെ യാസിര്‍ പുറത്താക്കുന്നത്. അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഇക്കഥ ആവര്‍ത്തിക്കുമോ എന്നാണ് സ്മിത്തിന്റെ ഭയം. അതാണ് ഈ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതും. 

ഓസ്ട്രേലിയയുടെ റണ്‍മെഷീന്റെ രാത്രികള്‍ ഉറക്കമില്ലാത്തതാണെന്ന് വെളിപ്പെടുത്തിയത് ക്യാപ്റ്റന്‍ ടിം പെയ്ന്‍തന്നെയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയയിലെ വൈദ്യസംഘം സ്മിത്തിനെ പരിശോധിച്ചുവരികയാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ആഷസ് പരമ്പരയില്‍ 774 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ശരാശരി 110.57. പന്തു ചുരണ്ടലിനെത്തുടര്‍ന്നുള്ള വിലക്കിനുശേഷം മടങ്ങിയെത്തിയ സ്മിത്ത് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും യാസിര്‍ ഷായെ മെരുക്കാന്‍ കഴിയാത്തത് താരത്തെ മാനസികമായി തളര്‍ത്തുകയാണ്. ആഷസ് പരമ്പരയില്‍ സ്മിത്തിന് നല്ല ഉറക്കം കിട്ടിയിരുന്നു എന്ന് പെയ്ന്‍ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: Steve Smith looking to solve sleep problems Australia vs Pakistan