ഗാലെ: നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണെന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യ ഡയലോഗ് നമുക്കെല്ലാവര്‍ക്കും സുരക്ഷിതമാണ്. എന്നാല്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായാലോ? ആ നിരാശ എത്രത്തോളം വലുതായിരിക്കും. 

അത്തരമൊരു നിര്‍ഭാഗ്യകരമായ പുറത്താകലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയാണ് ആ ഹതഭാഗ്യന്‍.

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ധനഞ്ജയയുടെ നിര്‍ഭാഗ്യകരമായ പുറത്താകല്‍. 94 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത് നന്നായി ബാറ്റ് ചെയ്യുന്നതിനിടെയാണ് 95-ാം പന്തില്‍ താരത്തിന് പിഴച്ചത്.

വിന്‍ഡീസിന്റെ ഷാനന്‍ ഗബ്രിയേല്‍ എറിഞ്ഞ 95-ാം ഓവറിലെ നാലാം പന്ത് ധനഞ്ജയ പ്രതിരോധിച്ചു. എന്നാല്‍ ബാറ്റില്‍ തട്ടിയ ശേഷം ക്രീസില്‍ കുത്തിയുയര്‍ന്ന പന്ത് സ്റ്റമ്പിലേക്ക് വീഴുമെന്ന് തോന്നിയ ധനഞ്ജയ ബാറ്റുകൊണ്ട് പന്തിന്റെ ഗതിമാറ്റാന്‍ നോക്കി.

ആദ്യ ശ്രമം വിജയിക്കാതെ വന്നപ്പോള്‍ വീണ്ടും താരം പന്ത് അടിച്ചകറ്റാന്‍ നോക്കി. എന്നാല്‍ നിര്‍ഭാഗ്യത്തിന് ബെയ്ല്‍സ് അടക്കമാണ് ധനഞ്ജയ അടിച്ചകറ്റിയത്. നിരാശനായ താരം ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇതിന്റെ വീഡിയോ വൈറലായി.

Content Highlights: sri lankan batter dhananjaya de silva unfortunately got out hit wicket