കൊളംബോ: താരങ്ങളുടെ മോശം ഫോമും പ്രതിഫല തര്‍ക്കവും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശ്വാസമായി ഇന്ത്യന്‍ ടീമിന്റെ പര്യടനം.

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കാന്‍ പോകുന്നത് 90 കോടിയോളം രൂപയാണ്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷമ്മി സില്‍വ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 

ജൂലായ് 13-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. 

നേരത്തെ മൂന്ന് മത്സരങ്ങള്‍ മാത്രമായിരുന്നു പര്യടനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബി.സി.സി.ഐയുമായി സംസാരിച്ച് മൂന്ന് മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു തങ്ങളെന്നും ഷമ്മി സില്‍വ പറഞ്ഞു. ഇതോടെ 44.7 കോടി രൂപയാണ് അധികമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുക. 

ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉള്‍പ്പെടെയാണിത്. കോവ്ഡ് കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം സഹായകമാകുമെന്നും ഷമ്മി സില്‍വ വ്യക്തമാക്കി.

Content Highlights: Sri Lanka Cricket will be earning Rs 89 crores from the India series