കറാറ ഓവല്‍: മാന്യന്മാരുടെ കളിയെന്ന പേരിലാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും കളിക്കളത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത സംഭവങ്ങളും അരങ്ങേറാറുണ്ട്. ഇതോടൊപ്പം തന്നെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന സംഭവങ്ങള്‍ക്കും ക്രിക്കറ്റ് മൈതാനങ്ങള്‍ വേദിയായിട്ടുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ കളിക്കളത്തിലെ മാന്യതയുടെ പേരില്‍ കൈയടി നേടുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പൂനം റൗത്ത്.

ക്വീന്‍സ്ഒലന്‍ഡിലെ കറാറ ഓവലില്‍ ഓസ്‌ട്രേലിയന്‍ വനികള്‍ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് പൂനം കളിക്കളത്തിലെ മാന്യതയുടെ പര്യായമായി മാറിയത്. 

ടെസ്റ്റിന്റെ രണ്ടാം ദിനം പൂനത്തിനെതിരേ ഒരു ക്യാച്ചിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ ഉയര്‍ത്തി. എന്നാല്‍ അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി അക്ഷോഭ്യനായി നിന്നു. എന്നാല്‍ പന്ത് തന്റെ ബാറ്റില്‍ തട്ടിയിരുന്നെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്ന പൂനം അമ്പയറുടെ തീരുമാനത്തിന് കാക്കാതെ പവലിയനിലേക്ക് തിരികെ നടക്കുകയായിരുന്നു. 

രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ സെഷനിലായിരുന്നു സംഭവം. പൂനത്തിനെതിരേ തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുകയായിരുന്നു ഓസീസ് ബൗളര്‍ സോഫി മോളിനെക്‌സ്. ഇതില്‍ ഒരു പന്ത് പൂനത്തിന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈയിലെത്തുകയായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി വിരലുയര്‍ത്തിയില്ല. എന്നാല്‍ ഇതിന് മുമ്പേ  പൂനം തിരികെ നടന്ന് തുടങ്ങിയിരുന്നു. 165 പന്തുകള്‍ നേരിട്ട് 36 റണ്‍സെടുത്താണ് പൂനം മടങ്ങിയത്. 

പിങ്ക് ടെസ്റ്റില്‍ ഡി.ആര്‍.എസ് ഉപയോഗിക്കുന്നില്ല. എന്നിട്ടും സ്വമേധയാ പുറത്തുപോകാനുള്ള പൂനത്തിന്റെ തീരുമാനത്തിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.

Content Highlights: Spirit of Cricket Punam Raut given not out but walks against Australia