തമിഴകത്ത് മാത്രമല്ല, ബോളിവുഡിലും ലുങ്കിയെ വമ്പൻ സംഭവമാക്കിയ ഗാനമാണ് ഷാരൂഖ്-ദീപിക ചിത്രം ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സ്. ലുങ്കി ഡാന്‍സ് ഗാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് ഇന്ത്യ ഒരു ചോദ്യം ചോദിച്ചു. ലുങ്കി ഡാന്‍സിന്റെ കോറസില്‍ എത്ര തവണ ലുങ്കി  ഡാന്‍സ് എന്നു പറയുന്നുണ്ട്?

ഉടനെ വന്നു ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുങ്കി എന്‍ഗിഡിയുടെ മറുപടി. 14. ഒരു സൂപ്പര്‍ കിങ്ങില്‍ നിന്നും സൂപ്പര്‍ ഉത്തരമെന്ന് വൈകാതെ നെറ്റ്ഫ്ലിക്‌സ് റിപ്ലൈയും ചെയ്തു ഇതിന്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായ എന്‍ഗിഡിയുടെ ഈ ഉത്തരം ആരാധകര്‍ക്ക് ശരിക്കും രസിച്ചു. ലുങ്കിക്ക് സ്വന്തം പാട്ടിനെക്കുറിച്ച് അറിയാമെന്നായിരുന്നു ഒരു കമന്റ്. എന്നാല്‍, ഈ ഉത്തരം തെറ്റാണെന്നും പാട്ടില്‍ പതിനാറു തവണ ലുങ്കി എന്നു പറയുന്നുണ്ടെന്നും ഒരാള്‍ കമന്റില്‍ തിരുത്തി.

ഇതാദ്യമായല്ല, ദക്ഷിണാഫ്രിക്കക്കാരനായ ലുങ്കി എന്‍ഗിഡി ഷാരൂഖിന്റെ ലുങ്കി ഡാന്‍സിനെ പരാമര്‍ശിക്കുന്നത്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമ്പോള്‍ ലുങ്കി ഡാന്‍സിനെ ഇപ്പോള്‍ തന്നെ പ്രണയിച്ചുകഴിഞ്ഞുവെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച എന്‍ഗിഡി ട്വീറ്റ് ചെയ്തത്.

ഇന്ത്യയില്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്, ടി20 ടീമുകളില്‍ അംഗമായ എന്‍ഗിഡി ഇപ്പോള്‍ ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ എ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: South Africa, Lungi Ngidi, Netflix, Lungi Dance, IPL, CSK, Chennai Express