ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയതിന്റെ ക്രെഡിറ്റ് സൗരവ് ഗാംഗുലിക്കാണെന്നത് പലരും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി വിലയിരുത്തുന്നതും ദാദയെ തന്നെ. കളിക്കളത്തിലെ ആക്രമണോത്സുകതയും യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള താത്പര്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രിയപ്പെട്ടവനാക്കി. 

എന്നിരുന്നാലും പലപ്പോഴും കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരില്‍ കുപ്രസിദ്ധനായിരുന്നു ഗാംഗുലിയിലെ ക്യാപ്റ്റന്‍. ടോസിനായി ഗാംഗുലി പലപ്പോഴും തന്നെ കാത്തുനിര്‍ത്തിയിട്ടുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ പറഞ്ഞിട്ടുണ്ട്. ഇതിനെതിരേ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഗാംഗുലി ഇത്തരത്തില്‍ തന്നോടും പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍.

''സൗരവ് അങ്ങനെയാണ്. സൗരവിനെതിരേ കളിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തിട്ടുണ്ട്. ഓരോ തവണയും ടോസിനായി അദ്ദേഹം എന്നെ കാത്തുനിര്‍ത്തുമായിരുന്നു. ഓരോ തവണയും ടോസിന് സമയമായി സൗരവ്, വരൂ എന്ന് പറയേണ്ട അവസ്ഥയിലായിരുന്നു ഞാന്‍.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ട് എന്ന ഷോയില്‍ പങ്കെടുക്കവെ ഹുസൈന്‍ പറഞ്ഞു.

''എന്നാല്‍ ഇപ്പോള്‍ ഒരു ദശാബ്ദത്തോളമായി ഞാന്‍ അദ്ദേഹത്തിനൊപ്പം കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വളരെ നല്ലവനും ശാന്ത സ്വഭാവിയുമാണ്. പക്ഷേ പല കാര്യങ്ങള്‍ക്കും വൈകുന്ന അദ്ദേഹത്തിന്റെ പതിവ് ശീലം ഇതുവരെ മാറിയിട്ടില്ല. ക്രിക്കറ്റ് താരങ്ങളുടെ കാര്യം അങ്ങനെയാണ്. എതിരെ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു താരത്തെ ഇഷ്ടപ്പെടില്ലായിരിക്കാം. എന്നാല്‍ ജീവിതത്തില്‍ അതേയാളെ പിന്നീട് കാണുമ്പോള്‍ അവര്‍ നമുക്ക് നല്ലയാളുകളായിരിക്കും.'' - ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sourav Ganguly used make former England skipper Nasser Hussain for the toss