കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളാണ് സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും.

ഇപ്പോഴിതാ സച്ചിന്റെ ഉപദേശം കാരണമാണ് താന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ തയ്യാറായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 

1996-ല്‍ ലോര്‍ഡ്‌സില്‍ പ്രസിദ്ധമായ സെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ചയാളാണ് ഗാംഗുലി. അതേസമയം ഏകദിനത്തില്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് കരിയറില്‍ 10 ഏകദിനങ്ങള്‍ അദ്ദേഹം കളിച്ചിരുന്നു. 

1996-ലെ ടൈറ്റന്‍ കപ്പ് ത്രിരാഷ്ട്ര സീരീസില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കു ശേഷമാണ് സച്ചിനൊപ്പം ഗാംഗുലി ആദ്യമായി ഓപ്പണ്‍ ചെയ്യുന്നത്. പിന്നീടുള്ളത് ചരിത്രം.

''ഏകദിന മത്സരങ്ങളില്‍ ഓപ്പണിങ്ങിന് ഇറങ്ങും മുമ്പ് ഞാന്‍ മധ്യനിരയിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. ഒരു ദിവസം സച്ചിന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, ടെസ്റ്റില്‍ നീ മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നത്. നമുക്ക് ഇപ്പോള്‍ ഒരു ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഇല്ല. നീ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ച് നോക്ക്. ശരി, നോക്കാമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അവിടെ നിന്നാണ് ഞാന്‍ ഒരു ഓപ്പണറായത്.'' - ഒരു ബംഗ്ലാ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 

ഓപ്പണിങ് ജോഡിയായുളള ആദ്യ മത്സരത്തില്‍ തന്നെ ഇരുവരും 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും അര്‍ധ സെഞ്ചുറിയും നേടി. 

ആ മത്സരം ഇന്ത്യ തോറ്റെങ്കിലും പിന്നീട് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിജയകരമായ ബാറ്റിങ് ജോഡിയുടെ പിറവിയായിരുന്നു അവിടെ അരങ്ങേറിയത്. 

136 തവണ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 49.32 ശരാശരിയില്‍ 6609 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അതില്‍ 21 സെഞ്ചുറി കൂട്ടുകെട്ടുകളും 23 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളും ഉണ്ടായിരുന്നു.

Content Highlights: Sourav Ganguly reveals Sachin Tendulkar s role in batting order promotion