കൊല്‍ക്കത്ത: ബാല്‍ക്കണിയില്‍ നിന്ന് സൗരവ് ഗാംഗുലിയോളം ഹീറോയിസം കാണിച്ച മറ്റൊരു ക്യാപ്റ്റന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്. 1983-ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഏറ്റുവാങ്ങിയ അതേ ഗാലറി 19 വര്‍ഷങ്ങള്‍ക്കു ശേഷം ദാദയുടെ ജേഴ്‌സിയൂരിയുള്ള ആഘോഷത്തിന് സാക്ഷിയായി. പിന്നീട് ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷമായി ആ ആഘോഷം മാറി.

2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത ശേഷമായിരുന്നു ആ ആഘോഷമെങ്കില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഗാംഗുലി ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തവണ ലോര്‍ഡിലെയല്ല കൊല്‍ക്കത്തയിലെ സ്വന്തം വീട്ടിലെ ബാല്‍ക്കണിയില്‍.

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാളില്‍ ആഞ്ഞുവീശിയപ്പോള്‍ അതില്‍ ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ ബെഹലയിലെ വീട്ടിലെ മാവ് നിലംപൊത്തി. മാവിനെ ഉയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ദാദയും കൂട്ടരും. ഇതിന്റെ ചിത്രം അദ്ദേഹം തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

Sourav Ganguly Balcony post reminds fans of 2002 Natwest final

ബാല്‍ക്കണിയില്‍ മാവ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ ഗാംഗുലിയും ബാല്‍ക്കണിയും തമ്മിലുള്ള ബന്ധമാണ് ആരാധകരില്‍ പലരും ചൂണ്ടിക്കാണിച്ചത്. ലോര്‍ഡ്‌സിലെ ബാല്‍ക്കണിയിലെ ജേഴ്‌സി ഊരിയുള്ള ദാദയുടെ ആഘോഷത്തോടാണ് ഈ ചിത്രത്തെ പലരും താരതമ്യപ്പെടുത്തിയത്.

അതേസമയം ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് ഉംപുന്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. രങ്ങള്‍ കടപുഴക്കിയും വീടുകള്‍ തകര്‍ത്തും നാശം വിതച്ചും ഒഡിഷയെ ഭയത്തിന്റെ മുള്‍മുനയില്‍ മണിക്കൂറുകളോളം നിര്‍ത്തിയ ശേഷമാണ് ഉംപുന്‍ ബംഗാളിലേക്ക് നീങ്ങിയത്.

ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ അഞ്ച് ലക്ഷത്തോളം പേരും ഒഡിഷയില്‍ ഒരു ലക്ഷത്തോളം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്ന് ദേശീയ ദുരന്ത പ്രതികരണസേന അറിയിച്ചു. ബെഗാളില്‍ 72 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Sourav Ganguly Balcony post reminds fans of 2002 Natwest final