ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഒരു പരസ്യത്തിനെതിരേ ട്രോള്‍മഴ. ഒരു പാചക എണ്ണയുടെ പരസ്യത്തിലാണ് താരം അഭിനയിച്ചത്. ഹൃദയാരോഗ്യത്തിന് മികച്ചത് എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം.

ഈയിടെ ഹൃദയാഘാതം മൂലം ഗാംഗുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷമാണ് പരസ്യത്തിനെതിരേ രൂക്ഷമായ ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ട്രോളുകള്‍ ശക്തമായപ്പോള്‍ പരസ്യം തന്നെ വേണ്ട എന്ന് വെച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിങ് ഓയിലിന്റെ പരസ്യത്തിലാണ് ഗാംഗുലി അഭിനയിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്പന്നമാണിത്. 

'ഈ എണ്ണ ഉപയോഗിച്ചതിനുശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു', 'എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്' തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പരന്നത്. ഇതോടെ കമ്പനി ഈ പരസ്യം തന്നെ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.

Content Highlights: Sourav Ganguly's Ad Taken Off After Healthy Oil Brand Heavily Trolled