കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48-ാം ജന്മദിനമാണിന്ന്. സാധാരണ ഈ ദിവസങ്ങളില്‍ കൊല്‍ക്കത്തയുടെ രാജകുമാരന്റെ ബെഹാലയിലുള്ള വീടിനു മുന്നില്‍ ആരാധകരുടെ ആഘോഷം പതിവാണ്. എന്നാല്‍ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ് ദാദ ആരാധകര്‍.

പക്ഷേ വ്യത്യസ്തമായ മറ്റൊരു ആഘോഷം അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കോവിഡ്-19 പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ സമയത്ത് ദാദയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച മാസ്‌ക്കുകള്‍ വിതരണം ചെയ്യാനാണ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. 

''അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായ ശേഷമുള്ള ആദ്യ ജന്മദിനമായതിനാല്‍ തന്നെ ഇത്തവണ അത് ഞങ്ങള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പക്ഷേ കേക്ക് മുറിക്കല്‍ അടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ഞങ്ങള്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.'' - ഗാംഗുലിയുടെ ആരാധക സംഘത്തിലെ ഒരാളായ മനാസ് ചാറ്റര്‍ജി പറഞ്ഞു.

Sourav Ganguly 48th birthday fans to distribute special masks

മാസ്‌ക്കിന്റെ ഒരു വശത്ത് 1996-ലെ ഗാംഗുലിയുടെ ലോര്‍ഡ്‌സ് അരങ്ങേറ്റത്തിലെ ചിത്രവും മറുവശത്ത് അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായപ്പോഴത്തെ ചിത്രവുമാണുള്ളത്. ഗാംഗുലിയുടെ ഈ ആരാധക സംഘത്തിന് സംസ്ഥാനത്തൊട്ടാകെ 9000ഓളം അംഗങ്ങളുണ്ട്.

Content Highlights: Sourav Ganguly 48th birthday fans to distribute special masks