വെല്ലിങ്ടണ്‍: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യൂസ് വേന്ദ്ര ചാഹല്‍ ബൗളിങ്ങില്‍ പലപ്പോഴും ഇന്ത്യയ്ക്കായി തിളങ്ങുന്ന താരമാണ്. എന്നാല്‍ ചാഹലിന്റെ ബാറ്റിങ്ങിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഒരു ആരാധികയുണ്ട്. 

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ഏകദിനത്തിലെ ഒന്നാം നമ്പര്‍ താരവുമായ സ്മൃതി മന്ദാനയാണ് ആ താരം. ബുധനാഴ്ച ന്യൂസീലന്‍ഡ് വനിതകള്‍ക്കെതിരേ നടന്ന ആദ്യ ട്വന്റി 20 മത്സരത്തിനു ശേഷം 'ചാഹല്‍ ടിവി' സെഗ്മെന്റില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. ഇതാദ്യമായാണ് താരം ചാഹല്‍ ടിവിയില്‍ പങ്കെടുക്കുന്നത്. 

തന്റെ ബാറ്റിങ് കണ്ട് എന്തെങ്കിലും പഠിക്കാന്‍ സാധിച്ചോ എന്നായിരുന്നു മന്ദാനയോടുള്ള ചാഹലിന്റെ ചോദ്യം. ശരിയാണ്, ഹാമില്‍ട്ടണിലെ നാലാം ഏകദിനത്തിലെ നിങ്ങളുടെ ബാറ്റിങ് എന്നെ ഒരുപാട് പ്രചോദിപ്പിച്ചു. എന്റെ കളി മെച്ചപ്പെടുത്തണം എന്ന് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ നിങ്ങളും എന്നെ പ്രചോദിപ്പിക്കുന്നവരില്‍ ഒരാളാണെന്നും ചഹല്‍ ടിവിയില്‍ തമാശരൂപേണ മന്ദാന പറഞ്ഞു. 

ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായ ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ചാഹലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

അതേസമയം വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20-യില്‍ ഇന്ത്യന്‍ വനിത-പുരുഷ ടീമുകള്‍ പരാജയപ്പെട്ടിരുന്നു. 34 റണ്‍സിനിടെ ഒമ്പത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യന്‍ വനിതാ ടീം 23 റണ്‍സിനാണ് തോറ്റത്. 34 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സ്മൃതി പുറത്തായതോടെയാണ് ഇന്ത്യ തകര്‍ന്നത്. 

80 റണ്‍സിനായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിന്റെ തോല്‍വി. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ഔട്ടായി. 

Content Highlights: smriti mandhana yuzvendra chahal batting inspiration