കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. രണ്ടാം ദിനം 75 റണ്‍സുമായി ബാറ്റിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ശ്രേയസിന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്. രണ്ടാം ദിനത്തില്‍ സെഞ്ചുറി നേടിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ശ്രേയസിന്റെ പ്രതികരണം.

'ആദ്യ ദിനം എല്ലാം നല്ല രീതിയില്‍ നടന്നതില്‍ അതിയായ സന്തോഷം. എന്നിട്ടും അന്നു രാത്രി ശരിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. പുലര്‍ച്ചെ അഞ്ചു മണിക്കുതന്നെ എഴുന്നേറ്റു. ടെന്‍ഷന്‍ അടിച്ചതു പോലെയൊന്നും സംഭവിച്ചില്ല. രണ്ടാം ദിനവും നന്നായി കളിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കാനായി', ശ്രേയസ് വ്യക്തമാക്കുന്നു. 

ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ എന്താണ് പറഞ്ഞതെന്നും ശ്രേയസ് വെളിപ്പെടുത്തി. ഭാവിയെ കുറിച്ച് അധികം ആലോചിക്കരുതെന്നും ആസ്വദിച്ച് കളിക്കുക എന്നുമാണ് ഗാവസ്‌കര്‍ ശ്രേയസിന് നല്‍കിയ ഉപദേശം. ആ വാക്കുകള്‍ ഏറെ പ്രചോദനം നല്‍കിയെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കുന്നു. 

കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 105 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോററായിരുന്നു. മത്സരത്തില്‍ ആകെ 171 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് 105 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 

Content HIGHLIGHTS: Shreyas Iyer woke up at 5 in morning with maiden Test century loading India vs New Zealand