ന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ജീവിതത്തിലെ മനോഹര ദിവസമാണ് നവംബര്‍ 25. ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ശ്രേയസ് അരങ്ങേറി. കാണ്‍പുരില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ ശ്രേയസിന് ക്യാപ് സമ്മാനിച്ചു.

ഈ നിമിഷത്തില്‍ ശ്രേയസിനോടൊപ്പം സന്തോഷിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. താരത്തിന്റെ അച്ഛന്‍ സന്തോഷ് അയ്യര്‍. ട്വന്റി-20, ഏകദിനം എന്നിവയേക്കാള്‍ ടെസ്റ്റില്‍ മകന്‍ കളിക്കുന്നത് കാണാനാണ് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതെന്ന് മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വ്യക്തമാക്കുന്നു. 

നാല് വര്‍ഷത്തോളമായി സന്തോഷിന്റെ വാട്‌സ്ആപ്പ് ഡിപി ശ്രേയസ് 2017-ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ് ചിത്രം. അന്ന് ധര്‍മശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരക്കാരനായാണ് ശ്രേയസ് ടീമിലെത്തിയത്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ല.

മകന്‍ ഒരിക്കലെങ്കിലും ടെസ്റ്റില്‍ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ ഡിപി മാറ്റാതിരുന്നതെന്നും ഇടയ്ക്കിടെ ആ ചിത്രം കാണുന്നത് കൂടുതല്‍ ഊജ്ജം നല്‍കുമെന്നും സന്തോഷ് വ്യക്തമാക്കുന്നു. 

'മകന്‍ ടെസ്റ്റില്‍ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ പരിശ്രമിക്കൂ എന്ന് ഞാന്‍ അവനോട് എപ്പോഴും പറയും. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു. ന്യൂസീലന്‍ഡിനെതിരേ ശ്രേയസ് കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. സീനിയര്‍ താരങ്ങളൊന്നും ടീമില്‍ ഇല്ലാത്തതിനാല്‍ ഇതു മികച്ച അവസരമാണ്'. സന്തോഷ് വ്യക്തമാക്കുന്നു.  

Content Highlights: Shreyas Iyer’s father opens up on why he did not change his WhatsApp DP