ഹാമില്‍ട്ടണ്‍: ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയും റോസ് ടെയ്‌ലറുടെ 21-ാം ഏകദിന സെഞ്ചുറിയും പിറന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുടര്‍തോല്‍വികളുടെ പരമ്പര ന്യൂസീലന്‍ഡ് അവസാനിപ്പിച്ചിരുന്നു.

ഒന്നാം ഏകദിനത്തില്‍ നാലു വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിന്റെ ജയം. ഇരു ടീമുകളിലെയും നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി നേടിയതോടെ ഒന്നാം ഏകദിനം ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂര്‍വതയ്ക്കും സാക്ഷിയായി.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു മത്സരത്തില്‍ ഇരു ടീമിലെയും നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി നേടുന്നത്.

ഇരു ടീമിലെയും നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി നേടിയ ആദ്യ ഏകദിനം 2007-ല്‍ നടന്ന ദക്ഷിണാഫ്രിക്ക - സിംബാബ്വെ മത്സരമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയ്ക്കായി എ ബി ഡിവില്ലിയേഴ്‌സും (107), സിംബാബ്വെയ്ക്കായി തതേന്ദ തയ്ബുവും (107) ആണ് സെഞ്ചുറി നേടിയത്. 

പിന്നീട് 2017-ല്‍ കട്ടക്കില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ യുവ്‌രാജ് സിങ്ങും (150) ഓയിന്‍ മോര്‍ഗനും (102) നാലാം നമ്പറിലിറങ്ങി സെഞ്ചുറി നേടി.

അതേസമയം, അയ്യരുടെ സെഞ്ചുറി നാലാം നമ്പറിലെ ടീം ഇന്ത്യയുടെ ഏറെക്കാലത്തെ തലവേദന അവസാനിപ്പിക്കുകയും ചെയ്തു. 16 മാസങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 2018 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡുവാണ് അവസാനമായി നാലാം നമ്പറില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി തികച്ച താരം.

Content Highlights: Shreyas Iyer, Ross Taylor combine to join unique list