ജയ്പുര്‍: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ മാജിക്കുമായി ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ്സ് അയ്യര്‍. ഡ്രസ്സിങ് റൂമില്‍ വെച്ച് മറ്റൊരു ഇന്ത്യന്‍ താരമായ മുഹമ്മദ് സിറാജിന്റെ മുന്നിലാണ് ശ്രേയസ്സ് അയ്യര്‍ മജീഷ്യനായി മാറിയത്. 

കാര്‍ഡ് കൊണ്ടുള്ള മാജിക്കാണ് ശ്രേയസ് സിറാജിനുമുന്നില്‍ കാണിച്ചത്. ബാറ്റര്‍ ഋതുരാജ് ഗെയ്ക്‌വാദും ശ്രേയസ്സിന്റെ മാജിക്കിന് സാക്ഷിയായി. മാജിക്ക് കണ്ട് അത്ഭുതപ്പെട്ട സിറാജിന്റെ ഭാവം ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. ബി.സി.സി.ഐ ആണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ശ്രേയസ്സിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. പരിക്കില്‍ നിന്ന് മോചിതനായി ടീമിലേക്കെത്തിയ ശ്രേയസ്സിന് ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 30 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

സിറാജാകട്ടെ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരങ്ങളില്‍ വിരലിനേറ്റ പരിക്കുമൂലം കളിച്ചതുമില്ല. പരിക്കില്‍ നിന്ന് മോചിതനായ സിറാജ് കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. 

Content Highlights: Shreyas Iyer performs magic tricks again, stuns Mohammed Siraj with his skills