കറാച്ചി: ബോളിവുഡ് താരം സൊണാലി ബെന്ദ്രെയോട്‌ പ്രണയമുണ്ടായിരുന്നുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍.

അക്തറിന് സൊണാലിയോട് കടുത്ത പ്രണയമായിരുന്നുവെന്നും അവരുടെ ഫോട്ടോ അക്തര്‍ പേഴ്‌സില്‍ കൊണ്ടു നടന്നിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സൊണാലിയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ താന്‍ എന്തും ചെയ്യുമെന്നും അത് നിരസിച്ചാല്‍ സൊണാലിയെ തട്ടിക്കൊണ്ടു പോകുമെന്ന് അക്തര്‍ പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാലിപ്പോഴിതാ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇതൊന്നും സത്യമല്ലെന്നു പറഞ്ഞിരിക്കുകയാണ് അക്തര്‍. 

'' ആദ്യം തന്നെ പറയട്ടെ ഞാന്‍ എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ സൊണാലി ബെന്ദ്രെയെ കണ്ടിട്ടുപോലുമില്ല. ഞാന്‍ അവരുടെ ആരാധകനുമായിരുന്നില്ല. രണ്ടു തവണയോ മറ്റോ മാത്രമേ അവരുടെ സിനിമകള്‍ കണ്ടിട്ടുള്ളൂ.  അവര്‍ വളരെ സുന്ദരിയാണ്. അസുഖബാധിതയായപ്പോള്‍ അവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ പ്രയാസങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കാണിച്ച ധൈര്യവും. ധീരയായ വനിതയാണവര്‍'', അക്തര്‍ പറഞ്ഞു.

സൊണാലിയുടെ പോസ്റ്റര്‍ മുറിയില്‍ പതിച്ചിരുന്നുവെന്ന കാര്യവും അക്തര്‍ നിഷേധിച്ചു. '' അവരുടെ പോസ്റ്റര്‍ എന്റെ മുറിയിലുണ്ടായിരുന്നു എന്ന കാര്യം തെറ്റാണ്. എന്റെ മുറിയില്‍ കേവലം ഒരു പോസ്റ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഇമ്രാന്‍ ഖാന്റെതായിരുന്നു. ഞാന്‍ ആരാധിച്ചിരുന്ന ഒരേയൊരു ക്രിക്കറ്റര്‍'', അക്തര്‍ വ്യക്തമാക്കി.

Content Highlights: shoaib akhtar wants to kidnap bollywood actress sonali bendre