ഇസ്ലാമാബാദ്: ടിവി ചാനല്‍ അവതാരകന്‍ ലൈവ് ഷോയില്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഷോ നടക്കുന്നതിനിടെ വേദിവിട്ട് മുന്‍ പാകിസ്താന്‍ പേസ്ബൗളര്‍ ഷുഐബ് അക്തര്‍.

ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ പാകിസ്താന്റെ വിജയം ചര്‍ച്ച ചെയ്ത പാകിസ്താന്‍ ചാനല്‍ പിടിവിയുടെ പരിപാടിയില്‍ നിന്നാണ് അക്തര്‍ ഇറങ്ങിപ്പോയത്. ഇതോടൊപ്പം പിടിവിയുടെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനവും രാജിവെയ്ക്കുന്നതായി അക്തര്‍ പ്രഖ്യാപിച്ചു.

ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്‌സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. അവതാരകന്റെ ഏതാനും ചോദ്യങ്ങള്‍ അവഗണിച്ചായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.

ഇതില്‍ പ്രകോപിതനായ അവതാരകന്‍ നുമാന്‍ നിയാസ് താരത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. ''നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്'' എന്നായിരുന്നു നിയാസിന്റെ വാക്കുകള്‍.

ഇതോടെ അതൃപ്തി പ്രകടിപ്പിച്ച അക്തര്‍ പുറത്ത് സ്റ്റുഡിയോ വിട്ട് പുറത്ത് പോകുകയായിരുന്നു. 

പരിപാടിയില്‍ അക്തറിനൊപ്പം മുന്‍ താരങ്ങളായ ഡേവിഡ് ഗോവര്‍, വിവ് റിച്ചാര്‍ഡ്‌സ്, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ്, പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സന മിര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. ഇവരെല്ലാം അക്തര്‍ ഇറങ്ങിപ്പോയതോടെ ഞെട്ടിത്തരിച്ചിരിക്കുന്നതും കാണാമായിരുന്നു. 

Content Highlights: shoaib akhtar walked out of a tv programme and resigned from his job