ഫില്‍സ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവ്‌നരൈന്‍ ചന്ദര്‍പോള്‍. ട്വന്റി 20-യില്‍ ഡബിള്‍ സെഞ്ചുറി പിറക്കുമോ എന്ന് സംശയിച്ചവരെ ഞെട്ടിച്ച് ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 44-കാരന്‍.

സെന്റ് മാര്‍ട്ടനിലെ കരീബ് ലംബര്‍ ബോള്‍പാര്‍ക്കില്‍ നടന്ന 'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' പ്രാദേശിക ടൂര്‍ണമെന്റിലായിരുന്നു ചന്ദര്‍പോളിന്റെ വെടിക്കെട്ട്.

അമേരിക്കന്‍ പ്രാദേശിക ടീം മാഡ് ഡോഗിനെതിരേ വെറും 76 പന്തില്‍ നിന്ന് 25 ബൗണ്ടറികളും 13 സിക്‌സുമടക്കം 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ചന്ദര്‍പോളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മറ്റൊരു ഓപ്പണറായ ഡ്വെയ്ന്‍ സ്മിത്ത് 29 പന്തില്‍ നിന്ന് 54 റണ്‍സെടുത്തു. ചന്ദര്‍പോളിന്റെ വെടിക്കെട്ടില്‍ 303 റണ്‍സാണ് ആദം സാന്‍ഫോര്‍ഡ് ഓള്‍സ്റ്റാര്‍സ് ടീം അടിച്ചുകൂട്ടിയത്. മാഡ് ഡോഗിനെ 192 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു.

പക്ഷേ പ്രാദേശിക മത്സരമായതിനാല്‍ ട്വന്റി 20-യിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ചന്ദര്‍പോളിന് ലഭിക്കില്ല. 2013 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ട്വന്റി 20-യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് 2015-ല്‍ കരാര്‍ റദ്ദാക്കിയതു കാരണം 2016-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഇപ്പോള്‍ കൗണ്ടിയിലും പ്രാദേശിക ടൂര്‍ണമെന്റുകളിലും സജീവമാണ്.

Content Highlights: shivnarine chanderpaul does the unbelievable smashes 210 runs-in a t20