പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ വെറും രണ്ടു റണ്‍സിനാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ചുറി നഷ്ടമായത്. 

106 പന്തുകള്‍ നേരിട്ട ധവാന്‍ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 98 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ചുറിക്ക് തൊട്ടരികെവെച്ച് ബെന്‍ സ്റ്റോക്സിനെ ബൗണ്ടറി കടത്താനുള്ള ധവാന്റെ ശ്രമം ഓയിന്‍ മോര്‍ഗന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. 

ഒരിക്കല്‍ കൂടി ഏകദിനത്തില്‍ തൊണ്ണൂറുകളില്‍ പുറത്തായതോടെ ഇക്കാര്യത്തില്‍ വീരേന്ദര്‍ സെവാഗിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും റെക്കോഡിനൊപ്പം ധവാനുമെത്തി. സെവാഗും കോലിയും അഞ്ചു തവണ ഇത്തരത്തില്‍ തൊണ്ണൂറുകളില്‍ പുറത്തായിട്ടുണ്ട്. ധവാന്‍ ഇത് അഞ്ചാം തവണയാണ് തൊണ്ണൂറുകളില്‍ പുറത്താകുന്നത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ തൊണ്ണൂറുകളില്‍ പുറത്തായ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 17 തവണയാണ് അദ്ദേഹം സെഞ്ചുറിക്ക് അരികെ വെച്ച് പുറത്തായത്. ഏഴു തവണ തൊണ്ണൂറുകളില്‍ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമത്.

Content Highlights: Shikhar Dhawan matches Virender Sehwag and Virat Kohli with nervous nineties