ദുബായ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ശിഖര്‍ ധവാനൊപ്പം പോയ കുടുംബത്തെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ദുബായില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ധവാന്റെ ഭാര്യ ആയിഷയേയും കുട്ടികളേയും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍  യാത്ര ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റുചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. 

വിമാന അധികൃതരുടെ നടപടിയില്‍ രോഷംകൊണ്ട ശിഖര്‍ ധവാന്‍ എമിറേറ്റ്‌സ് അധികൃതര്‍ക്കെതിരെ ട്വീറ്റ് ചെയ്തു. അണ്‍പ്രൊഫഷണലായ നടപടിയാണ് എമിറേറ്റ്‌സ് എയര്‍ലെയ്‌ന്റെ ഭാഗത്തുനിന്നുണ്ടായത്. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദുബായില്‍ എനിക്കൊപ്പം എത്തിയ ഭാര്യയേയും മക്കളേയും വിമാനത്തില്‍ കയറ്റാനാവില്ലെന്ന് പറഞ്ഞു. 

മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റും രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ അടുത്ത സര്‍ട്ടിഫിക്കറ്റൊന്നുമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ ദുബായി തന്നെയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പെ എമിറേറ്റ്‌സ് അധികൃതര്‍ എന്തുകൊണ്ടാണ് രേഖകള്‍ ചോദിക്കാതിരുന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ കാരണമില്ലാതെ മോശമായാണ് പെരുമാറിയതെന്നും ധവാന്‍ ട്വീറ്റില്‍ പറയുന്നു.

നേരത്തെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കി പീറ്റേഴ്‌സണ്‍ ട്വീറ്റും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം പരമ്പരക്കായി കേപ് ടൗണിലെത്തിയിട്ടുണ്ട്. വിരാട് കോലി ഭാര്യ അനുഷ്‌കയോടൊപ്പമാണ് എത്തിയത്. ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തുടങ്ങുന്നത്. മൂന്നു ടെസ്റ്റ് മല്‍സരങ്ങളും ആറു ഏകദിനങ്ങളും മൂന്നു ടിട്വന്റി മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്.

Content highlights: Shikhar Dhawan Fumes As Airline Stops His Family From Flying Out Of Dubai