ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് രാജ്യം ലോക്ക്ഡൗണായതോടെ മനുഷ്യർക്കൊപ്പം മൃഗങ്ങളും പ്രതിസന്ധിയിലാണ്. റോഡിലും മറ്റുമായി അലഞ്ഞുനടക്കുന്ന കന്നുകാലികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത്. ഇങ്ങനെ അലയുന്ന കന്നുകാലികൾക്ക് ഭക്ഷണം നൽകി മാതൃകയായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും കുടുംബവും.

യാത്രാമധ്യേ വണ്ടി നിർത്തി മകൻ സൊരാവറിനൊപ്പം റോഡിലേക്കിറങ്ങിയ ധവാൻ കന്നുകാലികൾക്ക് ഭക്ഷണം നൽകുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വിശക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകിയതിലൂടെ സൊരാവറിനെ ജീവിതത്തിലെ മൂല്യങ്ങൾ പഠിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ധവാൻ കുറിച്ചു.

'ഒരു പിതാവെന്ന നിലയിൽ മകനെ ജീവിതത്തിലെ മൂല്യങ്ങൾ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. അതിലൊന്ന് സഹജീവികളോട് കാണിക്കുന്ന അനുകമ്പയാണ്. പ്രത്യേകിച്ചും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് കാണിക്കുന്ന അനുകമ്പ. വിശന്നുവലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമാണെന്ന് കരുതുന്നു. അത്തരമൊരു പാഠം മകന് പകർന്നുകൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.' ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Content Highlights:  Shikhar Dhawan Feeds Hungry Animals With Family during lock down crisis, Covid 19 Pandemic