ക്രിക്കറ്റ് മൈതാനത്ത് ബൗളര്‍മാരുടെ പലവിധ പ്രകടനങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. പേസും സ്വിങ്ങും ബാറ്റര്‍മാരെ നിഷ്പ്രഭരാക്കുന്ന കാഴ്ച പലപ്പോഴും ത്രസിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ ഇത്തരമൊരു തകര്‍പ്പന്‍ പന്ത് ശ്രദ്ധ നേടുകയാണ്.

ഇന്ത്യന്‍ ബൗളര്‍ ശിഖ പാണ്ഡെയാണ് ഇതിലെ താരം. ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് ശിഖയുടെ കൈയില്‍ നിന്നുള്ള ആ മാന്ത്രിക പന്തിന്റെ പിറവി.

ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഓസീസ് വനിതകള്‍. രണ്ടാം പന്തില്‍ തന്നെ അലിസ്സ ഹീലിയെ പുറത്താക്കി ശിഖ ഞെട്ടിച്ചു. ഹീലിയുടെ വിക്കറ്റെടുക്കാന്‍ ശിഖ എറിഞ്ഞ പന്താണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

32-കാരിയായ ശിഖയുടെ 111 കി.മീ മാത്രം വേഗത്തിലെത്തിയ പന്ത് പിച്ചിന്റെ മധ്യഭാഗത്ത് ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തപ്പോള്‍ ഹീലി അപകടമൊന്നും മണത്തിരുന്നില്ല. എന്നാല്‍ പൊടുന്നനെ സ്വിങ് ചെയ്ത പന്ത് ഹീലിയുടെ ഓഫ് സ്റ്റമ്പിന്റെ മുകള്‍ഭാഗത്ത് വന്ന് പതിക്കുകയായിരുന്നു. 

ഹീലിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ആ പന്തിന്റെ വരവ്. 

നൂറ്റാണ്ടിന്റെ പന്തെന്നാണ് ശിഖയുടെ ഈ പന്തിനെ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ വിശേഷിപ്പിച്ചത്.

Content Highlights: Shikha Pandey Produces Ball of the century Delivery