സ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ഇനി ഇന്ത്യക്കാരന്‍. ഇന്ത്യന്‍ മോഡലായ മഷൂം സിംഗയെയാണ് ടെയ്റ്റ് വിവാഹം ചെയ്തത്‌.  ഇന്ത്യക്കാരാനാകാനുള്ള ഇന്ത്യന്‍ ഓവര്‍സീസ് സിറ്റിസണ്‍ പാസ്‌പോര്‍ട്ട് എടുത്ത കാര്യം ടെയ്റ്റ് ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു

2010 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ടെയ്റ്റ് മഷൂമിനെ പരിചയപ്പെടുന്നത്. മത്സരശേഷമുള്ള  പാര്‍ട്ടിക്കിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍ ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

34കാരനായ ടെയ്റ്റ് 2005ലാണ് ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഏകദിനത്തിലും കളിച്ചു. മൂന്ന് ടെസ്റ്റിലും 35 ഏകദിനത്തിലുമാണ് ടെയ്റ്റ് ഓസീസിനെ പ്രതിനിധീകരിച്ചത്. 

ഓസ്‌ട്രേലിയയുടെ 2007 ലോകകപ്പ് വിജയത്തില്‍ ഷോണ്‍ ടെയ്റ്റിന്റെ ബൗളിങ് നിര്‍ണായകമായിരുന്നു. വേഗതയുടെ കാര്യത്തില്‍ ഷൊയ്ബ് അക്തറിനൊപ്പം നില്‍ക്കുന്ന ടെയ്റ്റ് ഓസീസ് ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു. 2011 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റ് ഓസീസ് പുറത്തായതിന് പിന്നാലെ ടെയ്റ്റ് ഏകദിന കരിയര്‍ അവസാനിപ്പിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്ത് ഷോണ്‍ ടെയ്റ്റിന്റെ പേരിലാണ്. മണിക്കൂറില്‍ 161.1 കിലോമീറ്റര്‍ വേഗതയിലാണ് ടെയ്റ്റ് പന്തെറിഞ്ഞത്. അക്തറാണ് ഒന്നാമത്. മണിക്കൂറില്‍ 161.3 കിലോമീറ്റര്‍.