തിരുവനന്തപുരം: ശനിയാഴ്ച വിവാഹിതരായ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാസണും ഭാര്യ ചാരുലതയ്ക്കും ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
രഞ്ജി ട്രോഫി മത്സരം ആരംഭിക്കുന്നതിനു മുന്‍പ് വീണുകിട്ടിയ രണ്ടുദിവസം മധുവിധുവിനായി ഇരുവരും പോകുന്നതിനു മുന്‍പാണ് ശശി തരൂര്‍ നവദമ്പതികളെ നേരില്‍ കണ്ട് ആശംസയറിയിച്ചത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സഹിതം തരൂര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇരുവര്‍ക്കും സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആശംസിച്ച തരൂര്‍, സഞ്ജു നിരവധി സെഞ്ചുറികള്‍ നേടട്ടെയെന്നും ആശംസിച്ചു. ഈ ക്യാച്ച് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടു വരട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു സഞ്ജുവും ചാരുലതയും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്നും ഒരുക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സഞ്ജുവിന്റെ പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡ് അടക്കമുള്ള പ്രമുഖര്‍ വിരുന്നിനെത്തിയിരുന്നു.
Content Highlights: shashi tharoor wishes sanju samson and charulatha happy marriade life