ലണ്ടന്‍: നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഷാര്‍ദുല്‍ താക്കൂര്‍ ക്രീസില്‍ എത്തുംവരെ ഓവല്‍ മൈതാനത്ത് ഇംഗ്ലീഷ് ബൗളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു. ഇടയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് ഒഴിച്ചുനിര്‍ത്തിയാല്‍ നിയന്ത്രണം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കായിരുന്നു.

എന്നാല്‍ താക്കൂര്‍ ക്രീസിലെത്തിയതോടെ കഥമാറി. ഒലി റോബിന്‍സണും ക്രിസ് വോക്‌സും ക്രെയ്ഗ് ഓവര്‍ടണുമടക്കമുള്ള ഇംഗ്ലീഷ് നിരയെ അങ്ങോട്ടുകയറി ആക്രമിക്കുകയായിരുന്നു താക്കൂര്‍. 

വെറും 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത ശേഷമാണ് താക്കൂറിന്റെ വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് നിരയ്ക്കായത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം 48 പന്തില്‍ നിന്ന് 63 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാനും താക്കൂറിനായി.

മത്സരത്തില്‍ 31-ാം പന്തില്‍ ക്രിസ് വോക്‌സിനെ സിക്‌സറിന് പറത്തിയാണ് താക്കൂര്‍ 50 തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും താക്കൂര്‍ സ്വന്തം പേരിലാക്കി. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം 1986-ല്‍ സ്ഥാപിച്ച റെക്കോഡാണ് താക്കൂര്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മറികടന്നിരിക്കുന്നത്. അന്ന് 32 പന്തില്‍ നിന്നാണ് ബോതം അര്‍ധ സെഞ്ചുറി നേടിയത്. 

ടെസ്റ്റില്‍ ഇന്ത്യയുടെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡ് കപില്‍ ദേവിന്റെ പേരിലാണ്. 1982-ല്‍ കറാച്ചിയില്‍ പാകിസ്താനെതിരേ 30 പന്തില്‍ നിന്നാണ് കപില്‍ 50 തികച്ചത്. 

Content Highlights: Shardul Thakur hits fastest fifty breaks Ian Botham s record