ലണ്ടന്‍: ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ശബ്ദിച്ച ഷാര്‍ദുല്‍ താക്കൂറിന്റെ ബാറ്റ് രണ്ടാം ഇന്നിങ്‌സിലും അത് ആവര്‍ത്തിച്ചു. ഒന്നാം ഇന്നിങ്‌സില്‍ വെറും 36 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത താക്കൂര്‍ രണ്ടാം ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സുമടക്കം 60 റണ്‍സെടുത്തു. 

രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടവും താരത്തിന് സ്വന്തമായി. ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി രണ്ട് ഇന്നിങ്‌സിലും 50 കടക്കുന്ന ആറാമത്തെ മാത്രം താരമായിരിക്കുകയാണ് താക്കൂര്‍. 

ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, വൃദ്ധിമാന്‍ സാഹ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

ഒന്നാം ഇന്നിങ്‌സില്‍ വെറും 31 പന്തില്‍ 50 തികച്ച താക്കൂര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം 1986-ല്‍ സ്ഥാപിച്ച റെക്കോഡാണ് താക്കൂര്‍ മറികടന്നത്. അന്ന് 32 പന്തില്‍ നിന്നാണ് ബോതം അര്‍ധ സെഞ്ചുറി നേടിയത്.

രണ്ടാം ഇന്നിങ്‌സിലും മികച്ച ഷോട്ടുകളുടെ കെട്ടഴിച്ചുവിട്ട താക്കൂര്‍ ഏഴാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തുകയും ചെയ്തു. 

Content Highlights: Shardul Thakur 6th batsman in Test cricket to make fifty in each innings batting at 8