സിഡ്‌നി:  ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ഷെയ്ന്‍ വോണ്‍. കരിയറില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും സ്വകാര്യ ജീവിതത്തില്‍ വോണ്‍ നേരിട്ടത് പ്രതിസന്ധികള്‍ മാത്രമാണ്. പാപ്പരാസികളുടെ ഇഷ്ട താരമായിരുന്നു വോണ്‍. ഇതോടെ വിവാദങ്ങളുടെ തോഴനുമായി. 

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കിടെ ഭാര്യയായിരുന്ന സിമോണ്‍ കൈലേഹനയുമായുള്ള വിവാഹമോചനത്തെ കുറിച്ച് വോണ്‍ മനസ്സു തുറന്നു. ആ വിവാഹ മോചനം തന്റെ തെറ്റായിരുന്നെന്ന് വോണ്‍ പറയുന്നു. 2005 ആഷസ് പരമ്പരയ്ക്ക് തൊട്ടുമുമ്പായിരുന്നു വോണിന്റെ വിവാഹമോചനം.

'വിവാഹമോചനം എന്നത് എന്റേയും എന്റെ കുട്ടികളുടെയും ജീവിതത്തിലെ ഒരു പ്രയാസകരമായ കാര്യമായിരുന്നു. അത് എന്റെ മാത്രം തെറ്റായിരുന്നു. അതുകൊണ്ട് ജീവിതകാലം മുഴുവന്‍ ആ വേദന എന്റെ കൂടെയുണ്ടാകും. 

എന്റെ മക്കള്‍ക്ക് അന്ന് അവധിക്കാലമായിരുന്നു. ആഷസ് പരമ്പരയ്ക്ക് അവരും എന്റെ കൂടെയുണ്ടാകും എന്നു ഞാന്‍ കരുതി. എന്നാല്‍ വിവാഹമോചനം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി. 

ഇംഗ്ലീഷ് ആരാധകര്‍ എന്റെ വിവാഹ മോചനം നന്നായി ആഘോഷിച്ചു. എന്നെ പരിഹസിച്ചുള്ള പാട്ടുകള്‍ അവര്‍ ഗാലറിയിലിരുന്ന് പാടി. ഒരു ദിവസം ആറു മണിക്കൂര്‍ ഒക്കെയാണ് അവര്‍ 'വേര്‍ ഈസ് യുവര്‍ മിസ്സസ് ഗോണ്‍'  എന്ന പാട്ട് പാടിയത്.' വോണ്‍ വെളിപ്പെടുത്തുന്നു.

1995-ലാണ് വോണും സിമോണും വിവാഹിതരായത്. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2005-ല്‍ ഇരുവരും വഴിപിരിഞ്ഞു. മൂന്നു കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ബ്രൂക്ക്, സമ്മര്‍ എന്ന പേരുകളുള്ള രണ്ട് പെണ്‍കുട്ടികളും ജാക്‌സണ്‍ എന്ന ആണ്‍കുട്ടിയും. പിന്നീട് 2010-ല്‍ യുകെയില്‍ നിന്നുള്ള നടി എലിസബത് ഹര്‍ലിയുമായി വോണ്‍ പ്രണയത്തിലായിരുന്നു. 2013-ല്‍ ഈ ബന്ധം തകര്‍ന്നു.

Content Highlights: Shane Warne opens up on tough divorce from ex wife Simone Callahan