ന്യൂയോർക്ക്: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബുൽ ഹസ്സൻ ഭാര്യ ഉമ്മെ അഹമ്മദ് ശിശിറിന് നൽകിയ സമ്മാനം കണ്ട് അമ്പരന്ന് ആരാധകർ. പുതുപുത്തൻ മെഴ്സിഡീസ് ബെൻസ് കാറാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഭാര്യക്ക് സമ്മാനിച്ചത്. കാറിന്റെ ചിത്രം ശിശിർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. 'ഭർത്താവിന്റെ സമ്മാനം' എന്ന കുറിപ്പോടു കൂടിയാണ് ശിശിർ ചിത്രം പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് മുതൽ ഷാക്കിബും ഭാര്യയും യു.എസിലാണ് താമസം. ഏപ്രിലിൽ ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നിരുന്നു. എറം ഹസ്സൻ എന്നാണ് കുഞ്ഞിന്റെ പേര്. അലെയ്ന ഹസ്സൻ എന്നു പേരുള്ള ഒരു കുഞ്ഞ് കൂടി ഇരുവർക്കുമുണ്ട്.

2010-ലാണ് ഷാക്കിബും ശിശിറും ആദ്യമായി കണ്ടുമുട്ടുന്നത്. ഇംഗ്ലണ്ടിലായിരുന്നു ഈ കൂടിക്കാഴ്ച്ച. ഷാക്കിബ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ടിലെത്തിയപ്പോൾ അവിടെ പഠിക്കുന്ന ശിശിറിനെ പരിചയപ്പെടുകയായിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം 2012 ഡിസംബർ ഒന്നിന് ഇരുവരും വിവാഹിതരായി. ബംഗ്ലാദേശിലെ താരദമ്പതികളായ ഷാക്കിബും ഭാര്യയും പരസ്യരംഗത്ത് സജീവമാണ്. നിരവധി പരസ്യചിത്രങ്ങളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം അച്ചടക്കലംഘനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഷാക്കിബ് ഐ.സി.സിയുടെ വിലക്ക് നേരിടുകയാണ്. മൂന്നു വാതുവെപ്പ് സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. തുടർന്ന് ഇന്ത്യയ്ക്കും പാകിസ്താനുമെതിരായ പരമ്പരകൾ കളിക്കാൻ ബംഗ്ലാദേശ് താരത്തിന് കഴിഞ്ഞിരുന്നില്ല. 2019-20 വർഷത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടി വന്നു.

 
 
 
 
 
 
 
 
 
 
 
 
 

My eidi from the husband 👑

A post shared by Shishir 👑 (@shishir_75) on

Content Highlights: Shakib Al Hasan, gifts his wife Shishir Mercedes Benz on Eid