ധാക്ക: ബംഗ്ലാദേശിലെ പ്രാദേശിക ട്വന്റി 20 ലീഗ് മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍.

സംഭവം വിവാദമായതോടെ ഒടുവില്‍ ഫേസ്ബുക്കിലൂടെ താരം മാപ്പു പറയുകയും ചെയ്തു.

ധാക്ക ട്വന്റി 20 ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ രണ്ടു തവണയാണ് ഷാക്കിബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. 

ആദ്യം ബാറ്റ് ചെയ്ത ഷാക്കിബിന്റെ ടീം മുഹമ്മദന്‍ സ്‌പോര്‍ടിങ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു.

അബഹാനി ലിമിറ്റഡ് ബാറ്റിങ് തുടങ്ങിയ ഉടന്‍ തന്നെയായിരുന്നു ആദ്യ സംഭവം. ബംഗ്ലാദേശ് താരമായ മുഷ്ഫിഖര്‍ റഹീമിനെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചതോടെ പ്രകോപിതനായ ഷാക്കിബ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് ചവിട്ടിത്തെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തു. 

പിന്നീട് മത്സരം 5.5 ഓവര്‍ പിന്നിട്ട് നില്‍ക്കേ അബഹാനി മൂന്നിന് 31 റണ്‍സില്‍ നില്‍ക്കേ മഴ കാരണം അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഷാക്കിബ് വീണ്ടും മോശം പെരുമാറ്റത്തിന് മുതിര്‍ന്നത്. ഇത്തവണ അമ്പയറോട് കയര്‍ത്ത താരം വിക്കറ്റുകള്‍ വലിച്ചൂരി എറിയുകയായിരുന്നു. 

രണ്ടു സംഭവങ്ങളുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഷാക്കിബ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. 

മത്സരം ഷാക്കിബിന്റെ ടീം 31 റണ്‍സിന് ജയിച്ചു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അബഹാനിക്ക് ഒമ്പത് ഓവറില്‍ 76 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ടു. പക്ഷേ അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അതേസമയം താരത്തിനെതിരേ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

അടുത്തിടെ ഐ.സി.സിയുടെ വിലക്ക് കാലാവധി അവസാനിച്ച ശേഷം കളത്തിലേക്ക് മടങ്ങിവന്ന താരമാണ് ഷാക്കിബ്. വാതുവെയ്പ്പുകാര്‍ സമീപിച്ചത് അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിനെതിരായ നടപടി. 

Content Highlights: Shakib Al Hasan Apologises After frustration On Field in Dhaka League