സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ എല്ലാവരുടെയും മനസ്സില്‍ മഞ്ഞുപെയ്യിച്ചത് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയാണ്. ഇന്ത്യയും പാകിസ്താനുള്ള തമ്മിലുള്ള അസ്വാസരസ്യങ്ങളുടെ മഞ്ഞുരുക്കുന്നതായിരുന്നു അഫ്രീദി ഒരു ഇന്ത്യന്‍ ആരാധികയ്ക്ക് കൊടുത്ത സമ്മാനം. 

പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീരേന്ദര്‍ സെവാഗിന്റെ ടീമിനെ തോല്‍പിച്ച് അഫ്രീദിയുടെ റോയല്‍സ് വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളെ കാണാനും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകര്‍ തിരക്ക് കൂട്ടിയത്. ആരേയും പാക് താരം നിരാശരാക്കിയില്ല. 

ആരാധകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പതാകയേന്തി ഒരു ആരാധികയുമുണ്ടായിരുന്നു. അഫ്രീദിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ആ ആരാധികയും തിരക്കുകൂട്ടി. അഫ്രീദി അടുത്തെത്തിയപ്പോള്‍ ആരാധിക ഫോട്ടോ എടുക്കാനായി അനുവാദം ചോദിക്കുകയും ചെയ്തു. ആരാധികയുടെ ആഗ്രഹം പോലെ അഫ്രീദി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ അതിനിടയിലാണ് ആരാധികയുടെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക അഫ്രീദി കണ്ടത്. തുടര്‍ന്ന് ആരാധികയോട് പതാക നിവര്‍ത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യന്‍ പതാകയോട് അഫ്രീദി കാണിച്ച ബഹുമാനം എല്ലാവരുടെ ഹൃദയം കവര്‍ന്നു. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം അഫ്രീദിയെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളുമുണ്ട്. 

Content Highlights: Shahid Afridi asks fan to hold Indian flag straight, wins hearts