തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലാണ് അഫ്രീദി ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്.

ഹാംഷയറിന് വേണ്ടി കളിക്കാനിറങ്ങിയ അഫ്രീദി തുടര്‍ച്ചയായി നാല് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അതും കുറ്റി തെറിപ്പിച്ചുകൊണ്ട്. മിഡില്‍സെക്‌സിനെതിരെയായിരുന്നു മത്സരം. ഓവറിലെ അവസാന നാല് പന്തുകളിലാണ് അഫ്രീദി വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 

മിഡില്‍സെക്‌സിന്റെ ജോണ്‍ സിംപ്‌സണ്‍, സ്റ്റീവന്‍ ഫിന്‍, തിലന്‍ വലല്ലവിത, ടിം മുര്‍താഗ് എന്നിവരുടെ വിക്കറ്റുകള്‍ കടപുഴക്കിയ താരം മത്സരത്തില്‍ ആകെ 14 റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റുകള്‍ സ്വന്തമാക്കി. അഫ്രീദിയുടെ പ്രകടനത്തിന്റെ ബലത്തില്‍ ഹാംഷയര്‍ വിജയവും കരസ്ഥമാക്കി.

Content Highlights: Shaheen Afridi takes 4 wickets in 4 balls for Hampshire