ധാക്ക: തന്റെ പന്ത് അതിര്‍ത്തി കടത്തിയ ബംഗ്ലാദേശ് താരത്തെ തൊട്ടടുത്ത പന്തില്‍ അനാവശ്യമായി എറിഞ്ഞുവീഴ്ത്തി പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദി.

കഴിഞ്ഞ ദിവസം ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. ബംഗ്ലാദേശ് താരം അഫീഫ് ഹുസൈനെയാണ് ഷഹീന്‍ എറിഞ്ഞിട്ടത്. 

ഷഹീന്‍ എറിഞ്ഞ മത്സരത്തിന്റെ മൂന്നാം ഓവറില്‍ അഫീഫ് സിക്‌സര്‍ നേടിയിരുന്നു. തൊട്ടടുത്ത പന്ത് പ്രതിരോധിച്ച അഫീഫ് സിംഗിളിന് ഒന്ന് ശ്രമിക്കുക പോലും ചെയ്തില്ല. 

പക്ഷേ ദേഷ്യം സഹിക്കാന്‍ സാധിക്കാതിരുന്ന അഫ്രീദി തന്റെ അടുത്തേക്ക് വന്ന പന്തെടുത്ത് ഉടന്‍ തന്നെ അഫീഫിന് നേരേ എറിയുകയാണുണ്ടായത്. ഈ സമയം അഫീഫ് ക്രീസിനുള്ളിലുമായിരുന്നു. പന്ത് തട്ടിയ ഉടന്‍ തന്നെ ബാറ്റര്‍ ക്രീസില്‍ വീണു. 

അഫീഫിന്റെ കാലില്‍ മുട്ടിന് താഴെയാണ് പന്ത് വന്നിടിച്ചത്. ഉടന്‍ പാക് താരങ്ങളെല്ലാം അഫീഫിനടുത്തെത്തി. ഷഹീനും താരത്തിനടുത്തെത്തി ക്ഷമാപണം നടത്തുകയും ചെയ്തു.

Content Highlights: shaheen afridi loses cool threw the ball towards the batter