മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് സിനിമയെപ്പോലെ ഇഷ്ടമുള്ള മേഖലയാണ് ക്രിക്കറ്റും. ആ പ്രിയം തന്നെയാണ് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തമാക്കാനുള്ള കാരണവും. പലപ്പോഴും കൊല്‍ക്കത്തയുടെ മത്സരം കാണാന്‍ ഷാരൂഖ് സ്‌റ്റേഡിയത്തില്‍ എത്താറുണ്ട്.

ഷാരൂഖിനൊപ്പം ബോളിവുഡ് താരം ജൂഹി ചൗളയേയും ഗാലറിയില്‍ കാണാറുണ്ട്. കൊല്‍ക്കത്തയുടെ സഹ ഉടമസ്ഥരില്‍ ഒരാളായ ജൂഹി ചൗള ഷാരൂഖുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ്.

കഴിഞ്ഞ ദിവസം 'ദി കപില്‍ ശര്‍മ ഷോ'യില്‍ കൊല്‍ക്കത്ത ടീമുമായുള്ള ബന്ധത്തെ കുറിച്ച് ജൂഹി മനസ്സുതുറന്നു. ഒരിക്കല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീം തോല്‍വിയിലേക്ക് നീങ്ങിയപ്പോള്‍ സ്റ്റാന്‍ഡില്‍ കളി കാണുകയായിരുന്ന ഷാരൂഖ് തന്നെ ശകാരിച്ചെന്ന്‌ ജൂഹി പറയുന്നു. ' ഒരു ദിവസം മത്സരത്തിനിടെ ഷാരൂഖ് എന്നെ ചീത്ത വിളിച്ചു. ഇങ്ങനെയാണോ ബൗള്‍ ചെയ്യുന്നത്? ഫീല്‍ഡിങ്ങിന് അനുസരിച്ചായിരിക്കണം ബൗളിങ്. ഇത് ശരിയല്ല. ഒരു ടീം മീറ്റിങ് വിളിക്കേണ്ടിയിരിക്കുന്നു എന്ന് ഷാരൂഖ് എന്നോട് പറഞ്ഞു. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.' ജൂഹി വ്യക്തമാക്കുന്നു. 

ഓരോ മത്സരം തോല്‍ക്കുമ്പോഴും ഷാരൂഖ് പ്രത്യേക ടീം മീറ്റിങ് വിളിക്കാറുണ്ടെന്നും പരിപാടിയില്‍ ജൂഹി പറഞ്ഞു. കൊല്‍ക്കത്തയുടെ മത്സരം കാണുമ്പോള്‍ എപ്പോഴും പ്രാര്‍ഥിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. 'എല്ലാ ദൈവങ്ങളേയും ഞാന്‍ വിളിക്കും. മന്ത്രങ്ങള്‍ ഉരുവിടും. ഗായത്രി മന്ത്രം ചൊല്ലും.'  ജൂഹി പറയുന്നു.

Content Highlights: Shah Rukh Khan starts scolding me when KKR is losing an IPL match says Juhi Chawla