മെല്‍ബണ്‍: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഷെഫാലി വര്‍മയന്നെ ഇന്ത്യയുടെ പതിനാറുകാരിയുടെ ബാറ്റിങ് കണ്ടവരാരും മറന്നിട്ടുണ്ടാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 32.60 ശരാശരിയില്‍ 158.25 സ്‌ട്രൈക്ക് റേറ്റില്‍ ഷെഫാലി അടിച്ചെടുത്തത് 163 റണ്‍സാണ്. എന്നാല്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഈ യുവതാരം പതറിപ്പോയി. 185 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഓപ്പണറുടെ റോളിലെത്തിയ ഷെഫാലി മൂന്നാം പന്തില്‍ പുറത്തായി. രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. മത്സരത്തില്‍ ഇന്ത്യ 85 റണ്‍സിന് തോറ്റു. ഓസീസ് ട്വന്റി-20 ലോകകപ്പില്‍ അഞ്ചാം കിരീടം ചൂടുകയും ചെയ്തു.

എന്നാല്‍ ഈ തോല്‍വി ഷെഫാലിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇന്ത്യയുടെ അവസാന വിക്കറ്റും വീണതോടെ ഡഗ് ഔട്ടിലിരുന്ന് ജെഴ്‌സി കൊണ്ട് മുഖം പൊത്തിക്കരഞ്ഞ ഷെഫാലി ഇന്ത്യന്‍ ആരാധകരെ കണ്ണീരണിയിച്ചു. സമ്മാനദാനച്ചടങ്ങിനെത്തിയപ്പോഴും പതിനാറുകാരിക്ക് കരച്ചിലടക്കാനായില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഹര്‍ലീന്‍ ഡിയോളും ചേര്‍ന്ന് ഷെഫാലിയെ ആശ്വസിപ്പിച്ചു. ചേര്‍ത്തുപിടിച്ചു.

ഈ കരച്ചില്‍ ആരാധകരുടേയും ഉള്ളുലച്ചു. ഷെഫാലിക്ക് ആശ്വാസവാക്കുകളുമായി നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തത്. പതിനാറ് വയസ്സല്ലേ ആയിട്ടുള്ളൂവെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ടെന്നും ആരാധകര്‍ ട്വീറ്റില്‍ പറയുന്നു. ഒരുപാട് കാലം മുന്നില്‍നില്‍ക്കുമ്പോള്‍ നിരാശപ്പെടുന്നത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.

Content Highlights: Shafali Verma breaks down after World Cup final loss