ലണ്ടന്‍: ജോണ്‍ മാക്എന്‍​റോയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ടെന്നിസ് താരം സെറീന വില്ല്യംസ് രംഗത്ത്. സെറീന ലോകത്തിലെ മികച്ച വനിതാ ടെന്നിസ് താരമാണ്. എന്നാല്‍, പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിച്ചാല്‍ എഴുന്നൂറാം റാങ്കുകാരിയായിരിക്കും എന്നായിരുന്നു മാക്എന്റോ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് വികാരനിര്‍ഭരമായി സെറീന പ്രതികരിച്ചത്. തന്റെ പുതിയ പുസ്തകത്തിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മാക്എന്‍​റോ.

പ്രിയപ്പെട്ട ജോണ്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ദയവു ചെയ്ത് എന്നെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയാതിരിക്കൂ. നിങ്ങള്‍ പറഞ്ഞ റാങ്കിലുള്ള ആരുമായി ഞാന്‍ ഇതുവരെ കളിച്ചിട്ടില്ല. എനിക്ക് അതിനുള്ള സമയമില്ലതാനും. ഞാന്‍ ഗര്‍ഭിണിയാണ്. ദയവു ചെയ്ത് എന്നെയും എന്റെ സ്വകാര്യതയും മാനിക്കൂ-ട്വിറ്ററില്‍ സെറീന കുറിച്ചു.

വനിതാ ടെന്നിസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ സെറീന നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയാണ്. ഏറെക്കാലം ഒന്നാം റാങ്കുകാരിയായിരുന്നു.

മൊത്തം മുപ്പത്തിയൊന്‍പത് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുണ്ട് സെറീന. ഇതില്‍ 23 സിംഗിള്‍സ് കിരീടവും ഉള്‍പ്പെടും. നാല് ഗ്രാന്‍സ്ലാമും കരസ്ഥമാക്കയിട്ടുള്ള ലോകത്തിലെ മൂന്ന് കളിക്കാരില്‍ ഒരാണ്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി.

ജോണ്‍ മാക്​എടന്റോയും മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. ഏഴ് ഗ്രാന്‍സ്ലാം ഉള്‍പ്പടെ 77 സിംഗിള്‍സും 78 ഡബിള്‍സ് കിരീടങ്ങളുമാണ് സ്വന്തമായുള്ളത്. 1992ലാണ് പ്രൊഫഷണല്‍ രംഗത്ത് നിന്ന് വിരമിച്ചത്.