ന്യൂയോർക്ക്: ടെന്നീസ് ഡബിൾസ് മത്സരങ്ങളിൽ സെറീന വില്ല്യംസിന് പങ്കാളിയായി എപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് സഹോദരി വീനസ് വില്ല്യംസിനെയാണ്. എന്നാൽ ഇനി വീനസിന് പിന്നിലേക്ക് മാറിനിൽക്കാം. ഡബിൾസിൽ സെറീനയ്ക്ക് പുതിയ പങ്കാളിയെത്തിയിട്ടുണ്ട്. മറ്റാരുമല്ല, സെറീനയുടെ കുഞ്ഞുമകൾ അലെക്സിസ് ഒളിമ്പ്യ ഒഹാനിയൻ ജൂനിയറാണ് ആ പങ്കാളി.

രണ്ടു വയസ്സുകാരിയായ അലെക്സിസ് ഒളിമ്പ്യ റാക്കറ്റേന്തി ടെന്നീസ് കോർട്ടിൽ കാലുകളുറപ്പിച്ചുകഴിഞ്ഞു. കുഞ്ഞു മകൾക്കൊപ്പം ടെന്നീസ് കളിക്കുന്ന ചിത്രം സെറീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി കുഞ്ഞു ഒളിമ്പ്യ. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും കോർട്ടിൽ കളിക്കാനെത്തിയത്.

ഇരുകാലുകളും അകത്തിപ്പിടിച്ച് സെർവിനായി അമ്മയ്ക്കൊപ്പം കാത്തുനിൽക്കുന്ന കുഞ്ഞുതാരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പോയിന്റ് നേടിയപ്പോൾ മകൾക്കൊപ്പം സന്തോഷം പങ്കുവെയ്ക്കുന്ന ചിത്രവും സെറീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം അമ്മ മകൾക്ക് ഹൈ ഫൈവ് നൽകുന്ന വീഡിയോയും കാണാം.

നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുമായെത്തിയത്. മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം കരോളിൻ വോസ്നിയാക്കി 'മനോഹരം' എന്നാണ് കമന്റ് ചെയ്തത്. ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച്ച ഇതല്ലേ? എന്നായിരുന്നു എൻബിഎ താരം ഡ്വെയ്ൻ വെയ്‌ഡിന്റെ കമന്റ്. സഹോദരിയും ടെന്നീസ് താരവുമായ വീനസ് വില്ല്യംസ്, ഹോളിവുഡ് താരം കെയ്റ്റ് ഹുഡ്സൺസ് എന്നിവരും ഈ ചിത്രത്തിന് കമന്റുമായെത്തി.

23 ഗ്രാൻസ്ലാം കിരീടം സ്വന്തമായുള്ള സെറീന റെക്കോഡിന് അരികിലാണ്. ഓഗസ്റ്റ് 31-ന് തുടങ്ങുന്ന യു.എസ് ഓപ്പണിൽ കിരീടം നേടിയാൽ സെറീന, മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്തും. കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്ടൺ ഫെഡ് കപ്പ് ക്വാളിഫയറിലാണ് സെറീന അവസാനം കളിച്ചത്. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്ന് കോർട്ടുകൾ നിശ്ചലമായതോടെ സെറീനയ്ക്കും റാക്കറ്റേന്താനായില്ല.

2017 നവംബർ 16-നാണ് സെറീന അമേരിക്കയിലെ സോഷ്യൽ ന്യൂസ് കമ്പനിയായ റെഡിറ്റിന്റെ സഹസ്ഥാപകനായ അലെക്സിസ് ഒഹാനിയനെ വിവാഹം ചെയ്തത്. 2015-ൽ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2016 ഡിസംബറിൽ ഒഹാനിയൻ സെറീനയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. 2017 സെപ്റ്റംബറിൽ ഇരുവർക്കും കുഞ്ഞ് പിറക്കുകയും നവംബറിൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 

Caption this (MUST SWIPE RIGHT)

A post shared by Serena Williams (@serenawilliams) on

 

Content Highlights: Serena Williams and Daughter Alexis Olympia Ohanian, Serena Williams and Daughter, Badminton