ന്യൂയോർക്ക്: ജീവിതത്തിൽ ലഭിച്ച ആദ്യ ചുംബനം ആർക്കും മറക്കാനാകില്ല. പലരും വർഷങ്ങളോളം ആ ചുംബനത്തെ താലോലിക്കും. എന്നാൽ അമേരിക്കൻ ടെന്നീസ് താരം സെറീന വില്ല്യംസിന് ആദ്യ ചുംബനം ഓർക്കാൻ പോലും ഇഷ്ടമല്ല. ആ ചുംബനം വളരെ അസഹനീയമായിരുന്നെന്ന് സെറീന പറയുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ലൈവ് ചാറ്റിനിടെയാണ് സെറീനയുടെ പ്രതികരണം.

ഈ ചാറ്റിനിടയിൽ ഒരു ആരാധകൻ സെറീനയോട് ആദ്യ ചുംബനത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. 'എനിക്കിപ്പോൾ എന്റെ ആദ്യ ചുംബനത്തെ കുറിച്ച് വിശദമായി പറയാൻ കഴിയില്ല. എന്റെ ഭർത്താവ് അലക്സിസ് ഒഹാനിയൻ തൊട്ടടുത്ത മുറിയിലുണ്ട്. അദ്ദേഹം ഇത് കാണില്ലെന്ന് കരുതാം. ആ ചുംബനം വളരെ അസഹനീയമായിരുന്നു.' സെറീന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി.

'എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചുംബനമാണത്. എന്റെ ജീവിതത്തിലെ മോശം അനുഭവങ്ങളിൽ ഒന്ന്. അന്ന് എനിക്ക് 18 വയസ്സായിരുന്നു പ്രായം. പക്ഷേ എനിക്ക് 18 വയസ്സ് ആകുന്നത് ഇഷ്ടമല്ലായിരുന്നു. ആ കാലത്ത് ഒരു ചെക്കനെ എനിക്ക് ഇഷ്ടമായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരിക്കൽ ഇറ്റലിയിലേക്ക് പോയി. അവിടെ വെച്ച് അവൻ എന്നെ വന്യമായി ചുംബിച്ചു. ഞാൻ വീട്ടിലേക്ക് ഓടി. ഇറ്റലിക്കാരായ എന്റെ സുഹൃത്തുക്കളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരോട് ഞാൻ പറഞ്ഞു. ' അവൻ എന്നെ ചുംബിച്ചു. എനിക്ക് അത് ഉൾക്കൊള്ളാനാകുന്നില്ല, ഞാൻ ആ ചുംബനം വെറുക്കുന്നു.' ഇതുപറയുമ്പോൾ ഞാൻ കരയുന്നുണ്ടായിരുന്നു. വളരെ നാടകീയമായാണ് ഞാൻ സംസാരിച്ചത്. ഇപ്പോഴും ഞാൻ വളരെ നാടകീയമായാണ് സംസാരിക്കുക. ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല.' സെറീന ആദ്യ ചുംബനത്തെ കുറിച്ച് വിശദീകരിച്ചു.

Content Highlights: Serena Williams about First Kiss in Her life