ലണ്ടന്‍: വിക്കറ്റിനു മുന്നിലെയും വിക്കറ്റിനു പിന്നിലെയും മികച്ച പ്രകടനങ്ങളോടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീം അംഗമാണ് സാറ ടെയ്‌ലര്‍. വ്യക്തിജീവിതത്തില്‍ ഉത്കണ്ഠയും കടുത്ത മാനസിക സമ്മര്‍ദവും കാരണം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നതോടെയാണ് സാറ ഈ അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
എന്നാലിപ്പോഴിതാ ഒരു നഗ്നചിത്രത്തിന്റെ പേരില്‍ സാറ വീണ്ടും സംസാരവിഷയമാകുകയാണ്. പൂര്‍ണനഗ്നയായി വിക്കറ്റിനു പിന്നില്‍നിന്ന് കീപ്പിങ് ഗ്ലൗസ് മാത്രം ധരിച്ച് സ്റ്റംമ്പ് ഇളക്കുന്ന ചിത്രം സാറ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാരണം എന്തെന്ന് അറിയാമോ?
സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാഗസിനായ 'വുമന്‍സ് ഹെല്‍ത്തി'നു വേണ്ടിയാണ് സാറ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ ഞെട്ടിച്ചത്. സ്ത്രീകളുടെ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്.
തന്റെ കംഫര്‍ട്ട് സോണിനു പുറത്തുനിന്നാണ് ഇത്തരമൊരു കാര്യത്തിന് തയ്യാറായതെന്നും സാറ പറഞ്ഞു. 'ഈ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. എനിക്ക് എന്റെ ശരീരത്തെ കുറിച്ച് ആകുലതകള്‍ പലതും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു കാര്യത്തിനായി എനിക്ക് മാനസികമായി ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടിവന്നു.' ഇപ്പോള്‍ താന്‍ കൂടുതല്‍ കരുത്തയായതായി തോന്നുന്നുവെന്നും സാറ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sarah Taylor shares her nude photo message for all the women