മുംബൈ:എത്ര വളർന്നാലും എല്ലാവരുടേയും ഉള്ളിൽ ഒരു കൊച്ചുകുട്ടി ഒളിച്ചിരിപ്പുണ്ടാകും. പലപ്പോഴും പല സന്ദർഭങ്ങളിലും അതു പുറത്തുവരും. മഴ പെയ്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും മഴ നനയാൻ കൊതിക്കുന്ന ഒരു കൊച്ചുകുട്ടിയായി. മുംബൈയിലെ വീട്ടുമുറ്റത്തു നിന്ന് സച്ചിൻ മഴ നനയുക മാത്രമല്ല, മഴയിൽ കളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സച്ചിന്റെ മകൾ സാറാ തെണ്ടുൽക്കർ പകർത്തിയതോടെ സംഗതി ഹിറ്റായി.

ഈ വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ സച്ചിൻ ആരാധകർക്കായി പങ്കുവെച്ചു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുന്ന ഈ വീഡിയോ പകർത്തിയത് തന്റെ പ്രിയപ്പെട്ട ക്യാമറാവുമൺ സാറയാണെന്നും മഴത്തുള്ളികൾ എപ്പോഴും ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്നും സച്ചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

സച്ചിൻ ആസ്വദിച്ച് മഴ നനയുന്നതും വീട്ടുമുറ്റത്തെ ടാങ്കിൽ വീണ ഇലകൾ മാറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. ലോക്ക്ഡൗൺ സമയത്ത് നേരത്തേയും സച്ചിൻ ആരാധകർക്കായി വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിൽ പലതും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Content Highlights: Sara Tendulkar Captures Sachin Tendulkar Enjoying Mumbai Rains