കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ അഭിമാനക്കിരീടമായ സന്തോഷ് ട്രോഫി വീണ്ടെടുക്കാന്‍ ഒരുങ്ങുന്ന കേരള ടീമിന് 'മാതൃഭൂമി'യുടെ ഓണവിരുന്ന്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ക്യാമ്പിലുള്ള കളിക്കാരും പരിശീലകരും അടങ്ങിയ സംഘമാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ.എം.ഐ. മേത്തറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാതൃഭൂമി ഓഫീസില്‍ ഓണവിരുന്നിനെത്തിയത്. കോച്ച് ബിനോ ജോര്‍ജിനു പുറമേ സഹ പരിശീലകരായ ടി.ജി. പുരുഷോത്തമന്‍, സജി ജോയ്, ടീം ഫിസിയോ ജസീല്‍ എന്നിവരും കളിക്കാര്‍ക്കൊപ്പം ഓണവിരുന്നിനെത്തി.

കേരള ഫുട്ബോളിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുന്ന യുവ ടീമാണ് ഇത്തവണ സന്തോഷ് ട്രോഫിക്കായി ഒരുങ്ങുന്നതെന്ന് കെ.എം.ഐ. മേത്തര്‍ പറഞ്ഞു. ചരിത്രത്തില്‍ കേരള ഫുട്ബോളിന്റെ തിളക്കമായി ഒട്ടേറെ കിരീടങ്ങളുടെ കഥ പറയാനുണ്ട്. എന്നാല്‍ സമീപകാലത്ത് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയ കേരളത്തിന്റെ തിരിച്ചുവരവാകും ഇനി വരുന്ന സന്തോഷ് ട്രോഫിയെന്നും കെ.എം.ഐ. മേത്തര്‍ പറഞ്ഞു. കേരളത്തിന്റെ കുതിപ്പിനു കരുത്തേകുന്ന യുവ താരങ്ങള്‍ക്കുള്ള നിറഞ്ഞ പ്രോത്സാഹനമാകും ടൂര്‍ണമെന്റിനു മുമ്പുള്ള ഇത്തരം സ്‌നേഹവിരുന്നുകളെന്നും അദ്ദേഹം പറഞ്ഞു.

മാവേലിയുടെ നേതൃത്വത്തിലുള്ള വരവേല്‍പ് ഏറ്റുവാങ്ങിയ കേരള ടീം ഓണസദ്യയും ഓണക്കളിയും ആസ്വദിച്ചാണ് ക്യാമ്പിലേക്ക് മടങ്ങിയത്. ചടങ്ങില്‍ കെ.എഫ്.എ. ഓണററി പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കോച്ച് ബിനോ ജോര്‍ജ്, ഫുട്ബോള്‍ താരങ്ങളായ മിഥുന്‍, വിപിന്‍ തോമസ്, ശ്രീരാഗ്, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, യൂണിറ്റ് മാനേജര്‍ പി. സിന്ധു, ന്യൂസ് എഡിറ്റര്‍ (സ്‌പോര്‍ട്‌സ്) പി.ടി. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: Santosh Trophy Team Onam Celebration