കോഴിക്കോട്: മാസ്ക് ഇല്ലാതെ ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ പറ്റില്ല. ഇതോടെ മാസ്കും ഫാഷനായി മാറുകയാണ്. വിവാഹസമയത്ത് ധരിക്കേണ്ട ഡിസൈനർ മാസ്ക് മുതൽ ഇഷ്ടടീമിന്റെ ലോഗോയുള്ള മാസ്ക് വരെ ഇപ്പോൾ വിപണയിൽ ലഭ്യമാണ്. ചെറിയ കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളുടെ മാസ്കകുകളും ഇപ്പോൾ കടകളിലുണ്ട്.

ഏതായാലും അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മാസ്കുമായാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പ്രത്യക്ഷപ്പെട്ടത്. ചട്ടമ്പിനാട് എന്ന മലയാള സിനിമയിലെ സംഭാഷണം പ്രിന്റ് ചെയ്ത മാസ്ക് ധരിച്ചുള്ള ചിത്രം സഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ 'എന്തോ, എങ്ങനെ?' എന്ന പ്രശസ്തമായ സംഭാഷണമാണ് സഞ്ജുവിന്റെ മാസ്കിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.

ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെ ചോദ്യങ്ങളും അന്വേഷണങ്ങളുമായി ആരാധകരെത്തി. അതിൽ ബംഗ്ലാദേശിൽ നിന്നുള്ള ആരാധകനുമുണ്ടായിരുന്നു. ഈ ആരാധകന് കാര്യം എന്താണെന്ന് മനസ്സിലായില്ല. സഞ്ജുവിനോട് ഇതിന്റെ അർഥം അന്വേഷിക്കുകയും ചെയ്തു ആരാധകൻ. ഉടനെ സഞ്ജുവിന്റെ ഇംഗ്ലീഷിലുള്ള മറുപടിയുമെത്തി. ഇതോടെ ആരാധകന് കാര്യം മനസ്സിലായി.